വ്യാജ ബാങ്ക് നിര്‍മ്മിച്ച് തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍, സംഭവം തമിഴ്‌നാട്ടില്‍

തമിഴ്‌നാട്: വ്യാജമായി ഒരു ബാങ്ക് ബ്രാഞ്ച് നിര്‍മിച്ച് പ്രവര്‍ത്തനം നടത്തി തട്ടിപ്പിന് ശ്രമിച്ച സംഘത്തെ അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എസ്.ബി.ഐ ബാങ്ക് ബ്രാഞ്ചിനെക്കുറിച്ച് സംശയം തോന്നിയ ഒരു ഉപഭോക്താവ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പിന് ശ്രമിച്ച മൂന്ന് പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ശ്രമിച്ച കമല്‍ ബാബു എന്ന യുവാവിന്റെ മാതാപിതാക്കള്‍ മുന്‍ ബാങ്ക് ജീവനക്കാരാണ്. ഇയാളുടെ പിതാവ് പത്ത് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. മാതാവ് ബാങ്കില്‍ നിന്നും രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചത്.

അതെ സമയം കേസില്‍ അറസ്റ്റിലായ മറ്റു രണ്ട് പേര്‍ ബാങ്കിലേക്ക് വേണ്ട മറ്റു പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബാങ്കിന് വേണ്ട റസിപ്റ്റുകള്‍, ചലാന്‍, മറ്റു രേഖകള്‍ എന്നിവ പ്രിന്റ് ചെയ്തതും റബ്ബര്‍ സ്റ്റാബുകള്‍ നിര്‍മിച്ചത് ഇവര്‍ രണ്ട് പേര്‍ ചേര്‍ന്നായിരുന്നു.

വ്യാജ ബാങ്ക് ഉപയോഗിച്ച് പണ ഇടപാടുകള്‍ നടന്നിട്ടില്ലാത്തതിനാല്‍ ആര്‍ക്കും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. മൂന്ന് പ്രതികളെയും പൊലീസ് കോടതിയില്‍ ഹാജരാക്കി.

Top