ബാങ്ക് ജപ്തി; സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോവിഡ് കാലത്ത് ബാങ്കുകള്‍ ജപ്തി നോട്ടീസ് പുറപ്പെടുവിക്കുന്നത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പതിനായിരക്കണക്കിന് റിക്കവറി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. വായ്പ എടുത്തവര്‍ക്ക് ജപ്തി നോട്ടീസ് പതിക്കരുത്. പലര്‍ക്കും വരുമാനമില്ല. നോട്ടീസ് പതിക്കുന്നത് ആത്മഹത്യക്ക് ഇടയാക്കും. ബാങ്കേഴ്‌സ് മീറ്റിങ് പോലും വിളിച്ചത് കഴിഞ്ഞ ദിവസമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ ബാങ്കിന്റെ ജപ്തി ഭീഷണി കാരണമാണെന്നും പാവങ്ങളെ ബാങ്ക് കുടുക്കിലാക്കിയെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

കോവിഡ് കാലത്തും ജപ്തി നടപടികള്‍ക്ക് സാഹചര്യമുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 20 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

Top