ബാങ്ക് ലയനം; ഒക്ടോബർ 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

ന്യുഡല്‍ഹി: പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ബാങ്കുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. ഒക്ടോബര്‍ 22നാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കിട്ടാക്കടം കര്‍ശനമായി പിരിച്ചെടുക്കുക, ബാങ്കിങ് മേഖലയിലെ ഉദാരവത്കരണ നടപടികള്‍ ഉപേക്ഷിക്കുക, ഉപഭോക്താക്കളെ പിഴിയുന്ന ചാര്‍ജ് വര്‍ധനകള്‍ പിന്‍വലിക്കുക, ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം, പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കാന്‍ നേരത്തൈ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 25 അര്‍ധരാത്രി മുതല്‍ സെപ്റ്റംബര്‍ 27 അര്‍ധരാത്രി വരെ 48 മണിക്കൂറാണ് പണിമുടക്ക്.

സര്‍ക്കാര്‍ ലയനനടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ നവംബര്‍ രണ്ടാം വാരം മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും ജീവനക്കാരുടെ നാല് യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.

Top