ഇടപാടുകാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസിൽ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

രാജസ്ഥാൻ : രാജസ്ഥാനിൽ ഇടപാടുകാരനെ കൊന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. എയു ബാങ്ക് കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍ അടക്കം ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. രാജസ്ഥാനിലെ ജയ്‌പ്പൂരിലാണ് സംഭവം . നിഖില്‍ ഗുപ്ത എന്നയാളെയാണ് ബാങ്ക് ഉദ്യോഗസ്ഥനുവേണ്ടി അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്.

ബാങ്കിൽ സ്ഥിരമായി പണം നിക്ഷേപിക്കാൻ വന്നിരുന്ന ആളാണ് കൊല്ലപ്പെട്ട നിഖില്‍ ഗുപ്ത. ഇയാൾ തിങ്കളാഴ്ച 50 ലക്ഷം രൂപയുമായി വരുമെന്ന വിവരം ബാങ്ക് മാനേജറായ വിനീത് സിംഗിനും കൂട്ടാളികൾക്കും ലഭിച്ചതോടെയാണ് കൊലപാതകത്തിനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്യുന്നത്.

ഇതിനായി ഛേതന്‍ സിംഗ്, ഋഷി രാജ് സിംഗ് എന്നിവരെ ഉത്തര്‍പ്രദേശില്‍ നിന്ന് തോക്ക് സംഘടിപ്പിക്കാന്‍ പറഞ്ഞുവിട്ടു. തിങ്കളാഴ്ച ബൈക്കിലെത്തിയ ഇവര്‍ ബാഗ് തട്ടിപ്പറിക്കുകയും നിഖിൽ ഗുപ്തയെ വെടിവച്ച് കൊല്ലുകയുമായിരുന്നു. പാര്‍ക്കിംഗില്‍ വച്ചാണ് കൊലപാതകം നടന്നത്. ഗൗതം സിംഗ്, അഭയ് സിംഗ്, ഇതാന്‍ സിംഗ് എന്നിവര്‍ കുറച്ച് അകലെ മാറി മറ്റൊരു സ്‌കൂട്ടറില്‍ ഇവരെ കാത്തിരിക്കുന്നുണ്ടായിരുന്നു .

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. 2.86 ലക്ഷം രൂപയാണ് പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അഞ്ച് പേരെയും ആറ് മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടുകയായിരുന്നു

Top