വിദ്യാര്‍ത്ഥിയെ സഹപാഠി കോളേജ് ശുചിമുറിയില്‍ വച്ച് കുത്തിക്കൊന്നു

ബംഗളൂരു; വിദ്യാര്‍ത്ഥിയെ സഹപാഠി കോളേജ് ശുചിമുറിയില്‍ വച്ച് കുത്തിക്കൊന്നു. നാഗസാന്ദ്രയിലെ സൗന്ദര്യ പി.യു. കോളേജിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹെസരഘട്ട സ്വദേശി ദയാസാഗറാണ് ( 17) കുത്തേറ്റ് മരിച്ചത്. സംഭവവുമായ് ബന്ധപ്പെട്ട് സഹപാഠിയായ രക്ഷിതിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു. കോളേജിലുള്ള ഒരു പെണ്‍കുട്ടിയുമായി രക്ഷിത് പ്രണയത്തിലായിരുന്നു, അതിനെ ദയാസാഗര്‍ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

രാവിലെ ഏഴരയോടെ കോളേജിലെത്തിയ ഇരുവരും തമ്മില്‍ പ്രണയത്തെച്ചൊല്ലി കലഹിച്ചു. വാക്കുതര്‍ക്കവും കൈയേറ്റവും അക്രമത്തിലേക്ക് കടന്നപ്പോള്‍ രക്ഷപെടാനായി ദയാസാഗര്‍ ശുചിമുറിയിലേക്ക് കയറുകയായിരുന്നു. പിന്നാലെയെത്തിയ രക്ഷിത് കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് ദയാസാഗറിനെ കുത്തി പരിക്കേല്‍പ്പിച്ചു. മറ്റു വിദ്യാര്‍ഥികള്‍ സംഭവമം അധ്യാപകരെ അറിയിച്ച് ദയാസാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട ദയാസാഗറും രക്ഷിതും രണ്ടുമാസത്തോളമായി പെണ്‍കുട്ടിയെച്ചൊല്ലി പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പലതവണ ഇവര്‍ പരസ്പരം വാക്കേറ്റവും നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയും ഫോണിലൂടെ ഇവര്‍ പരസ്പരം കലഹിച്ചിരുന്നു.

Top