പീഡനത്തിനിരയായ ബംഗ്ലാദേശി യുവതിയെ കണ്ടെത്തിയത് കേരളത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കർണാടക പൊലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.ബംഗ്ലാദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇവർ നിയമവിരുദ്ധമായാണ് ബെംഗളൂരുവിൽ താമസിച്ചിരുന്നത്. പ്രതികളിലൊരാളായ ഷെയ്ഖാണ് സ്പാ’കളിൽ ജോലിക്കെന്നുപറഞ്ഞ് ബംഗ്ലാദേശിൽനിന്ന് യുവതിയെ ബെംഗളൂരുവിലെത്തിച്ചത്. ഹൈദരാബാദിലും കോഴിക്കോട്ടും യുവതി ജോലി ചെയ്തു. പിന്നീട് ഷെയ്ഖുമായി പണം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായി. തുടർന്ന് ഇയാളും മറ്റു പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യം പകർത്തുകയുമായിരുന്നു.

പണം നൽകിയില്ലെങ്കിൽ പീഡനദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. പിന്നീട് ഈ ദൃശ്യം ബംഗ്ലാദേശിലും വടക്കുകിഴക്ക് സംസ്ഥാനങ്ങളിലും പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അസം പൊലീസ് നൽകിയ വിവരത്തെത്തുടർന്നാണ് ബെംഗളൂരു പൊലീസ് പ്രതികളെ പിടികൂടിയത്.കേസിൽ 2 സ്ത്രീകൾ ഉൾപ്പെടെ ബംഗ്ലാദേശ് സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പൊ ലീസ് അറസ്റ്റു ചെയ്തിരുന്നു. ബെംഗളൂരുവിലെ രാമമൂർത്തിനഗറിൽ ഇവർ വാടകയ്ക്ക് താമസിച്ച വീട്ടിൽ വെച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്.

Top