ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

സില്‍ഹെറ്റ്: ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. 150 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ത്തിന് ബംഗ്ലാദേശ് വിജയം ഉറപ്പിച്ചു. സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശ് സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. 332 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 181 റണ്‍സിന് പുറത്തായി. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേടിയ തയ്ജുല്‍ ഇസ്ലാമാണ് ബംഗ്ലാദേശിന് വിജയം സ്വന്തമാക്കി കൊടുത്തത്.

ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. പക്ഷേ രണ്ടാം ഇന്നിങ്സില്‍ കരുത്തരായ കിവീസിന് അടിതെറ്റി. ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് 310 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് 317 റണ്‍സ് കണ്ടെത്തി. സെഞ്ച്വറി നേടി തിളങ്ങിയ മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ (104) ഇന്നിങ്‌സിന്റെ കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് 338 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 181 റണ്‍സ് മാത്രമാണ് ടിം സൗത്തിക്കും സംഘത്തിനും നേടാനായത്. രണ്ടാം ഇന്നിങ്‌സില്‍ മാത്രം ആറ് വിക്കറ്റ് നേടിയ തയ്ജുല്‍ ഇസ്ലാമിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ന്യൂസിലാന്‍ഡിന്റെ പതനം പൂര്‍ണമാക്കിയത്.

ശനിയാഴ്ച നടന്ന മത്സരത്തില്‍ 58 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടിം സൗത്തി 24 പന്തില്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയുമടക്കം 34 റണ്‍സെടുത്തത് കിവീസിന്റെ പരാജയ ഭാരം കുറച്ചു. സൗത്തിയെ പിന്തുണച്ചു ഒരറ്റത്ത് ഇഷ് സോധി 91 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്തു ചെറുത്തു നിന്നെങ്കിലും വിജയത്തിലേക്കെത്താനായില്ല. ഡെവോണ്‍ കോണ്‍വെ (22), ഗ്ലെന്‍ ഫിലിപ്സ് (12), കെയ്ന്‍ വില്യംസണ്‍ (11) എന്നിവരാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുതാരങ്ങള്‍. രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (105) സെഞ്ച്വറിപ്പോരാട്ടമാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ മുഷ്ഫിഖര്‍ റഹീം (67), മെഹിദി ഹസന്‍ (50) എന്നിവരും മികച്ച പ്രകടനം നടത്തി.

Top