ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ അട്ടിമറി ജയം നേടി ബംഗ്ലാദേശ്

നേപ്പിയര്‍ : ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20 മത്സരത്തില്‍ അട്ടിമറി ജയം നേടി ബംഗ്ലാദേശ്. നേപ്പിയര്‍, മക്‌ലീന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ ഷൊറിഫുള്‍ ഇസ്ലാമാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 റണ്‍സുമായി പുറത്താവാതെ നിന്ന ലിറ്റണ്‍ ദാസാണ് സന്ദര്‍ശകരെ വിജയത്തിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ആതിഥേയ ടീമിനെ പരാജയപ്പെടുത്തുന്നത്.

റോണി തലുക്ദര്‍ (10), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (19) എന്നിവരെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ദാസ് ഒരറ്റത്ത് ഉറച്ച് നിന്നതോടെ വിജയം ബംഗ്ലാദേശിനൊപ്പം നിന്നു. സൗമ്യ സര്‍ക്കാര്‍ (22), തൗഹിദ് ഹൃദോയ് (19), അഫീഫ് ഹുസൈന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മെഹെദി ഹസന്‍ (19) ദാസിനൊപ്പം പുറത്താവാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി, ആഡം മില്‍നെ, ജെയിംസ് നീഷം, ബെന്‍ സീര്‍സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ 48 റണ്‍സ് നേടിയ നീഷം മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. 4.4 ഓവറില്‍ നാലിന് 20 എന്ന പരിതാപകരമായ നിലയില്‍ ആയിരുന്നു കിവീസ്. പിന്നീട് പത്ത് ഓവറിന് മുമ്പ് അഞ്ചിന് 50 എന്ന നിലയിലേക്കും വീണു. ഫിന്‍ അലന്‍ (1), ടീം സീഫെര്‍ട്ട് (0), ഡാരില്‍ മിച്ചല്‍ (14), ഗ്ലെന്‍ ഫിലിപ്‌സ് (0), മാര്‍ക് ചാപ്മാന്‍ (19) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. പിന്നീട് നീഷം – മിച്ചല്‍ സാന്റ്‌നര്‍ (23) സഖ്യം കൂട്ടിചേര്‍ത്ത 41 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

സാന്റ്‌നര്‍ പതിനഞ്ചാം ഓവറിലും നീഷം 17-ാം ഓവറിലും മടങ്ങിയത് കിവീസിന് തിരിച്ചടിയായി. ആഡം മില്‍നെ (16) പുറത്താവാതെ നിന്നു. ടിം സൗത്തി (8), ഇഷ് സോധി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടന്നത്. നേരത്തെ ഏകദിന പരമ്പര 2-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു. അവസാന ഏകദിനം ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

Top