റോഹിങ്ക്യ ; ഇന്ത്യയിലേയ്ക്ക് കടത്തിയ മകൾക്കായി ഈ അമ്മ കാത്തിരിക്കുന്നു വർഷങ്ങളായി

Girls rife

ധാക്ക : മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ കുടുംബങ്ങളിലെ പെൺകുട്ടികളെ ബംഗ്ലാദേശിൽ നിന്നും മനുഷ്യകടത്തുകാർ കടത്തികൊണ്ട് പോകുന്നുവെന്ന് അൽ ജസീറ. ഇത്തരത്തിൽ പെൺകുട്ടികളെ കടത്തികൊണ്ട് പോകാൻ ബംഗ്ലാദേശിൽ നിരവധി ഇടപാടുകാർ പ്രവർത്തിക്കുന്നുണ്ടെന്നും അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു.

മ്യാൻമറിൽ നിന്ന് 2012ൽ ബംഗ്ലാദേശിൽ എത്തിയ അഭയാർത്ഥികളാണ് നയോണ കട്ടൺ എന്ന സ്ത്രീയും അവരുടെ മകൾ യാസ്മിനും. മൂന്നു വർഷം ഇവരുടെ മകൾ യാസ്മിനെ മനുഷ്യകടത്തുകാർ ഇന്ത്യയിലേക്ക് കടത്തി കൊണ്ടുപോയി. അന്ന് യാസ്മിന് പതിമൂന്ന് വയസായിരുന്നു പ്രായം. ദക്ഷിണ ബംഗ്ലാദേശിലെ കുറ്റ്പലോംഗ് അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് യാസ്മിനെ കടത്തികൊണ്ട് പോയത്.

തുടർന്ന് ഇന്ത്യയിൽ നിന്നും കച്ചവടക്കാരനെ പിടികൂടുകയും യാസ്മിനെ രക്ഷിക്കുകയും ചെയ്തു. കൊൽക്കത്തയിൽ ഇത്തരത്തിൽ മനുഷ്യക്കടത്തിൽ ഇരകളാകുന്നവർ താമസിക്കുന്ന സ്ഥലത്താണ് യാസ്മിൻ നിലവിൽ ഉള്ളത്.

1982ൽ മ്യാൻമർ റോഹിങ്ക്യ ജനതകളുടെ പൗരത്വം നീക്കം ചെയ്തിരുന്നു. അതിനാൽ വീണ്ടും പരസ്പരം കാണാൻ ഇരുവർക്കും പാസ്പോർട്ട് ഇല്ല. തന്റെ മകളെ കാണാൻ കഴിയാതെ വർഷങ്ങളായി ഈ അമ്മ ജീവിക്കാൻ തുടങ്ങിയിട്ട്. നിലവിൽ ഫോണിലൂടെ ഏതാനും മിനിറ്റ് ഇരുവരും സംസാരിക്കും. മകളോട് സംസാരിക്കാനാണ് ഇപ്പോൾ നയോണ പണം സമ്പാദിക്കുന്നത്.

എല്ലാ ദിവസവും ഞാൻ അനുഭവിക്കുന്ന വേദന ദൈവത്തിന് മാത്രമേ അറിയുകയുള്ളുവെന്നും , ഇന്ത്യയിലേക്ക് പോകാൻ എനിക്ക് പണമില്ല , പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിലേക്ക് കടക്കാൻ എനിക്കാകുന്നില്ലെന്നും നയോണ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഏജൻസി നയോണയെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ ഈ കാര്യത്തിൽ ബംഗ്ലാദേശ് സർക്കാരിന് മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ.

നയോണയുടെ കഥ റോഹിങ്ക്യന്‍ അഭയാർഥി ക്യാമ്പുകളിൽ അപൂർവമല്ല. കാരണം വർഷങ്ങളായി ക്യാമ്പുകളിൽ മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴരലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ കഴിഞ്ഞ വർഷം എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. ഇവരും ഇത്തരത്തിൽ മനുഷ്യക്കടത്തുകാർക്ക് ഇരയായിട്ടുണ്ട്.

12-14 വയസുള്ള പെൺകുട്ടികളെയാണ് ഇത്തരത്തിൽ കടത്തുന്നതെന്നും , ചിലർ അവരുടെ മാതാപിതാക്കൾക്ക് പണം നൽകാറുണ്ടെന്നും അൽ ജസീറ വ്യക്തമാക്കുന്നു. വീട്ടുജോലികൾക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്ന് ഇടനിലക്കാരൻ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എന്നാൽ ഇത്തരത്തിൽ കടത്തുന്ന പെൺകുട്ടികൾ ഒരിക്കലും തിരിച്ചുവരാറില്ല. അവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ആർക്കും അറിയില്ല. പെൺകുട്ടികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനും സാധ്യതകൾ കൂടുതലാണ്.

റോഹിങ്ക്യന്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ കൂടുതൽ ശക്തമായി നടപടികൾ സ്വീകരിക്കണം. അല്ലാത്ത പക്ഷം അഭയാർഥികളാകുന്ന റോഹിങ്ക്യന്‍ പെൺകുട്ടികളുടെ ജീവിതം നാളെ കൂടുതൽ ദുരിതത്തിലാകും.

റിപ്പോർട്ട് : രേഷ്മ പി.എം

Top