ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരേ ബംഗ്ലാദേശിന് 365 റണ്‍സ് വിജയലക്ഷ്യം

ധരംശാല: 2023 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരേ ബംഗ്ലാദേശിന് റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് മലാന്റെ പ്രകടനമികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

റൂട്ടിനെ സാക്ഷിയാക്കി മലാന്‍ സെഞ്ചുറി നേടി. മൂന്നക്കം കണ്ടശേഷം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മലാന്‍ 38-ാം ഓവറിലാണ് പുറത്തായത്. 107 പന്തുകളില്‍ നിന്ന് 16 ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 140 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. മലാന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മലാന് പുറമേ ബെയര്‍സ്റ്റോയും മികച്ച പ്രകടനം പുറത്തെടുത്തു. താരം 52 റണ്‍സെടുത്ത് പുറത്തായി. പിന്നാല വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാന്‍ അടിച്ചുതകര്‍ത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 151 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

 

 

Top