Bangladesh Supreme Court Upholds Death Sentence Against Islamist Party Leader

ധാക്ക: ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉ റഹ്മാന്‍ നിസാമിയുടെ വധശിക്ഷ ബംഗ്ലാദേശ് പരമോന്നത കോടതി ശരിവെച്ചു. പ്രത്യേക ട്രൈബ്യൂണല്‍ വിധിക്കെതിരെ അദ്ദേഹം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു.

സുപ്രീംകോടതി വിധി പുനപ്പരിശോധിക്കുകയോ ദയാഹര്‍ജി പ്രസിഡന്റ് അംഗീകരിക്കുകയോ ചെയ്തില്ലെങ്കില്‍ മാസങ്ങള്‍ക്കകം ശിക്ഷ നടപ്പാക്കും. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് 72കാരനായ നിസാമിക്കെതിരെ ചുമത്തിയിരിക്കുന്നത്.

1971ല്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനാ നേതാവായിരുന്ന അദ്ദേഹത്തിന് ബുദ്ധിജീവികള്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ കൊലപ്പെടുത്തുന്നതിലും കൂട്ടക്കുരുതികളിലും ബലാത്സംഗങ്ങളിലും പങ്കുണ്ടെന്നാണ് കേസ്. പാകിസ്താന്‍ സൈന്യവുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്ന അല്‍ ബദ്ര് എന്ന സായുധ സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം.

യുദ്ധകുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ 2010ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകൂടം സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണല്‍ ഇതിനകം നിരവധി പ്രതിപക്ഷ നേതാക്കള്‍ക്ക് വധശിക്ഷയും തടവും വിധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ പ്രതികാരത്തോടെയാണ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

Top