Bangladesh Sepreme court upholds Jamaat chief death sentence

ഢാക്ക: 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധവുമായി ബന്ധപ്പെട്ട് ജമാ അത്തേ ഇസ്ലാമി നേതാവിന് നല്‍കിയ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജമാ അത്തേ ഇസ്ലാമി ബംഗ്ലാദേശ് അമീര്‍ ആയ മൊതിയുര്‍ റഹ്മാന്‍ നിസാമിയുടെ വധശിക്ഷയാണ് ബംഗ്ലാദേശ് സുപ്രീംകോടതി ശരിവച്ചത്.

ശിക്ഷ ചോദ്യം ചെയ്ത് നിസാമി നല്‍കിയ റിവ്യൂ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. പ്രസിഡന്റും ദയാഹര്‍ജി തള്ളിയാല്‍ ദിവസങ്ങള്‍ക്കകം തന്നെ ഇയാളുടെ വധശിക്ഷ നടപ്പാക്കും. യുദ്ധക്കുറ്റവാളികളോട് ദയ കാണിക്കുന്ന കീഴ്‌വഴക്കം ബംഗ്ലാദേശിലില്ല.

വിമോചന പോരാട്ടത്തിനിടെ പാക് സൈന്യവും അനുകൂല സംഘടനകളും നടത്തിയ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട കേസിലാണ് വധശിക്ഷ. കൊലപാതകം, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഉത്തരവിട്ടത് സംബന്ധിച്ച കുറ്റങ്ങളാണ് നിലവില്‍ 73 വയസുള്ള നിസാമിയ്‌ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.

1971ല്‍ ജമാ അത്തേ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന നിസാമിയുടെ അല്‍ ബദര്‍ എന്ന സായുധ സംഘം പാകിസ്ഥാന്‍ സൈന്യവുമായി ചേര്‍ന്ന് ബുദ്ധിജീവികള്‍, എഴുത്തുകാര്‍, ഡോക്ടര്‍മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ കൊലപ്പെടുത്തുന്നതിലും വലിയ തോതിലുള്ള കൂട്ടക്കൊലകളിലും ബലാത്സംഗങ്ങളിലും പങ്ക് വഹിച്ചുവെന്നാണ് കേസ്.

2014 ഒക്ടോബറില്‍ അന്താരാഷ്ട്ര കോടതി ശിക്ഷിച്ച നിസാമിയുടെ ശിക്ഷ ,201ല്‍ ഷേഖ് ഹസീന സര്‍ക്കാരും ശരിവയ്ക്കുകയായിരുന്നു.

2000 മുതല്‍ ജമാ അത്തേ ഇസ്ലാമി തലവനായ നിസാമി 2001 06ല്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുള്ള സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 1971ലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന ജമാ അത്ത് നേതാക്കളേയും ഒരു ബി.എന്‍.പി നേതാവിനേയും ബംഗ്ലാദേശില്‍ നേരത്തെ തൂക്കിലേറ്റിയിരുന്നു.

കോടതി വിധിയില്‍ തൃപ്തിയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധി വന്നതോടെ ഢാക്കയില്‍ സുരക്ഷ ശക്തമാക്കി.

Top