ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് വിജയം

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് വിജയം. തുടര്‍ച്ചയായ നാലാമൂഴമാണ് ഷേഖ് ഹസീന അധികാരത്തിലേറുന്നത്. അവാമി ലീഗ് 300ല്‍ പകുതിയിലധികം സീറ്റുകളില്‍ വിജയിച്ചതോടെയാണ് ഷേഖ് ഹസീന അധികാരം ഉറപ്പാക്കിയത്. അഞ്ചു തവണയാണ് ഇതുവരെ ഷേഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് വീട്ടുതടങ്കലിലാണ് 78 കാരിയായ സിയ. ശനിയാഴ്ച രാവിലെ 6 മണിക്ക് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്താനും ബിഎന്‍പി തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ നൂറിലധികം വിദേശ നിരീക്ഷകരാണ് ബംഗ്ലാദേശിന്റെ പന്ത്രണ്ടാമത് തിരഞ്ഞെടുപ്പില്‍ നിരീക്ഷകരായി എത്തിയത്.170 ദശലക്ഷം ബംഗ്ലാദേശികള്‍ വോട്ടു രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആക്രമണ സംഭവങ്ങളും അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച അഞ്ച് സ്‌കൂളുകളും ട്രെയിനിന്റെ നാല് കോച്ചുകളും കത്തിച്ചിരുന്നു. ട്രെയിനിന് തീപിടിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരക്കണക്കിന് പ്രതിപക്ഷ രാഷ്ട്രീയക്കാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ ഭരണഘടനാ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ആശയങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ഷേഖ് ഹസീന അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ഷേഖ് ഹസീനയുടെ പാര്‍ട്ടി ബാക്കിയുള്ള സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പായി. വോട്ടെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. അവാമി ലീഗിന്റെ പ്രതിനിധികളാണ് വിജയിച്ച 45 സ്വതന്ത്രരില്‍ അധികവും. ജതിയ പാര്‍ട്ടിയുടെ എട്ട് സ്വതന്ത്രരും വിജയിച്ചു. ഷേഖ് ഹസീനയുടെ തിരഞ്ഞെടുപ്പ് വിജയം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

 

Top