ബൗളര്‍മാര്‍ തിളങ്ങി; ബംഗ്ലാദേശിനെതിരേ ഇംഗ്ലണ്ടിന് 125 റണ്‍സ് വിജയലക്ഷ്യം

അബൂദാബി:  ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇംഗ്ലണ്ടിന് 125 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ഓവറില്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും മുഹമ്മദ് നയീമും പുറത്തായി. ലിറ്റണ്‍ ദാസ് ഒമ്പത് റണ്‍സെടുത്തപ്പോള്‍ അഞ്ചു റണ്‍സായിരുന്നു നയീമിന്റെ സമ്പാദ്യം. ഇരുവരേയും മൊയീന്‍ അലി പുറത്താക്കി.

ഇംഗ്ലണ്ടിൻ്റെ തകർപ്പൻ ബൗളിംഗിനു മുന്നിൽ ചൂളിപ്പോയ ബംഗ്ലാദേശ് ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും  വെല്ലുവിളി ഉയർത്തിയില്ല. 29 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി തൈമൽ മിൽസ് മൂന്നും മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് കളിക്കുന്നത്. പേസ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന് പകരം സ്പിന്നര്‍ ശരിഫുല്‍ ഇസ്ലാം ടീമില്‍ ഇടം നേടി. അതേസമയം വെസ്റ്റിന്‍ഡീസിനെതിരായ അതേ ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി.

സൂപ്പര്‍ 12-ല്‍ ഇരുടീമുകളുടേയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ലങ്കയോട് അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. ഇംഗ്ലണ്ട് വിന്‍ഡീസിനെ ആറു വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു.

Top