Bangladesh LGBT editor hacked to death

ധാക്ക: ബംഗ്ലാദേശിലെ ആദ്യ എല്‍ജിബിടി പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കുത്തേറ്റ് മരിച്ചു. തലസ്ഥാനമായ ധാക്കയിലാണ് സംഭവം. രൂപ്ബാല്‍ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ജൂല്‍ഹാസ് മന്നന്‍ ആണ് കൊല്ലപ്പെട്ടത്.

ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാഗസിനാണ് രൂപ്ബാല്‍. ജൂല്‍ഹാസിനെ കൂടാതെ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ജൂല്‍ഹാസിന്റെ താമസസ്ഥലത്താണ് കൊലപാതകം നടന്നത്. കൊറിയര്‍ ഏജന്റാണെന്നു പറഞ്ഞെത്തിയവര്‍ ജൂല്‍ഹാസിനെ കുത്തി വീഴ്ത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ സുഹൃത്തായ തനയ് മജ്രൂംദാരാണ് കൊല്ലപ്പെട്ട രണ്ടാമന്‍. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിനുവേണ്ടിയും അമേരിക്കന്‍ എംബസി യില്‍ പ്രോട്ടോക്കോള്‍ ഓഫീസറായും ജൂല്‍ഹാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വടക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ സര്‍വകലാശാല പ്രൊഫസര്‍ കരീം സിദ്ദിഖിയെ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്നിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഭീകരവാദ സംഘടനയായ ഐസിസ് ഏറ്റെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജൂല്‍ഹാസിന്റേയും സുഹൃത്തിന്റേയും മരണം.

2013 മുതല്‍ ബംഗ്ലാദേശിലെ ബ്ലോഗ് എഴുത്തുകാരും സ്വതന്ത്ര ചിന്തകരും വ്യാപകമായി കൊല്ലപ്പെട്ടുവരികയാണ്. ഈ മാസം ആദ്യം ഇസ്ലാമിനെ വിമര്‍ശിച്ചുവെന്നാരോപിച്ച് ഒരു ബ്ലോഗറെ അക്രമികള്‍ വെട്ടികൊന്നിരുന്നു. പതിനെട്ടുകാരനായ നിയമ വിദ്യാര്‍ത്ഥി നസിമുദ്ദീന്‍ സമദാണ് കൊല്ലപ്പെട്ടത്.

Top