പൗരത്വ ബില്ലില്‍ പ്രക്ഷോഭം ശക്തം; ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലദേശ് വിദേശകാര്യമന്ത്രി

ധാക്ക: ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെന്‍.പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി ബംഗ്ലാദേശ് എ.കെ.അബ്ദുള്‍ മോമെന്‍ അറിയിച്ചത്. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണു പൗരത്വ ഭേദഗതി ബില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

യുഎസ്, ജപ്പാന്‍ സ്ഥാനപതിമാരുമായി മോമെന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു . ഇന്ത്യസന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തീരുമാനം മാറ്റിയത്.

ബംഗ്ലദേശില്‍ മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവന തികച്ചും അസത്യമാണെന്നും മോമെന്‍ വ്യക്തമാക്കി. ബംഗ്ലാദേശിനെ പോലെ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങള്‍ ലോകത്ത് തന്നെ ചുരുക്കമാണ്. തങ്ങള്‍ക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല. എല്ലാവരും തുല്യരാണ്. വിവിധ മതങ്ങളിലുള്ളവര്‍ തമ്മിലുള്ള മാതൃകാപരമായ ഐക്യത്തെ കാണണമെങ്കില്‍ അമിത് ഷാ കുറച്ചു മാസങ്ങള്‍ ബംഗ്ലദേശില്‍ താമസിക്കണമെന്നും മോമെന്‍ പറഞ്ഞിരുന്നു.

അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുകയാണ്.അസമിലും ത്രിപുരയിലും ആയിരങ്ങളാണു പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. പൊലിസുകാരുമായി പ്രക്ഷോഭകര്‍ ഏറ്റുമുട്ടി. അസമില്‍ നാലിടത്തു സൈന്യത്തെ വിന്യസിച്ചു. അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ച ഗുവാഹത്തി നഗരത്തില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

ദിബ്രുഗഡ്, ബുന്‍ഗായ്ഗാവ്, ജോര്‍ഹത്, ടിന്‍സുകിയ എന്നിവിടങ്ങളിലാണു സൈന്യം രംഗത്തിറങ്ങിയത്. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യവും വിച്ഛേദിച്ചിരുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ ലഖിനഗറിലെ വീടിനു നേരെ കല്ലേറുണ്ടായി. അസമില്‍നിന്ന് ആരംഭിക്കുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്ഥലമായ ദിബ്രുഗഡിലെ ചാബുവ റെയില്‍വേ സ്റ്റേഷനു പ്രക്ഷോഭകാരികള്‍ തീവച്ചു.

Top