ബംഗ്ലാദേശില്‍ വന്‍ നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് ; 15 മരണം

ധാക്ക: ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ച ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലും വന്‍നാശം വിതയ്ക്കുന്നു. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്നു 15 പേരാണ് ബംഗ്ലാദേശില്‍ മരിച്ചത്. 63 പേര്‍ക്ക് പരുക്കേറ്റതായും 500 വീടുകള്‍ തകര്‍ന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ചയാണ് ഫോനി ബംഗ്ലാദേശില്‍ പ്രവേശിച്ചത്. 3040 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. രാജ്യത്തെ 19 ജില്ലകളിലായി 25 ലക്ഷം പേരെയാണു വെള്ളിയാഴ്ച 4,071 അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ധാക്കയില്‍ വീശിയ ഏറ്റവും ശക്തമായ കാറ്റാണ് ഫോനി.

വെള്ളിയാഴ്ചയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിച്ചത്. ഒഡീഷയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് എട്ടു പേരുടെ മരണത്തിനിടയാക്കിയിരുന്നു. പ്രദേശത്തു നിന്നും 11 ലക്ഷത്തോളം പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത നാശനഷ്ടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി 1000കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Top