bangladesh cops kill dhaka cafe attack mastermind in encounter

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്‌റ്റോറന്റിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ബംഗ്ലാദേശ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പടുത്തി.

ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തമീം അഹമ്മദ് ചൗധരിയേയും മറ്റ് മൂന്ന് ഇസ്ലാമിക മതമൗലികവാദികളേയുമാണ് ഏറ്റുമുട്ടലില്‍ ബംഗ്ലാദേശ് സേന വധിച്ചത്.

ഇന്നാണ് ഭീകരരെ വധിച്ച കാര്യം ഭീകരവിരുദ്ധ പൊലീസ് സംഘം പുറത്തുവിട്ടത്. ധാക്കാ റസ്റ്റോറന്റിലെ ഇസ്ലാമിക മതമൗലികവാദികളുടെ ഭീകരാക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്.

ധാക്കയുടെ പ്രാന്തപ്രദേശമായ നാരായ്ന്‍ഗഞ്ചിലെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തെ പൊലീസ് കണ്ടെത്തിയത്. ബംഗ്ലാദേശില്‍ ജനിച്ച കനേഡിയന്‍ പൗരത്വമുള്ള തമീം അഹമ്മദ് ചൗധരിയാണ് ധാക്കാ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമീം ചൗധരി ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. യുവാക്കളായ മുസ്ലീങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതും തമീം ആയിരുന്നു.

ജൂലൈ 1ന് അഞ്ച് അക്രമികളാണ് ധാക്കയിലെ റസ്റ്റോറന്റില്‍ ആക്രമണം അഴിച്ചുവിട്ടത്. 20 പേരെ ബന്ദികളാക്കി ആക്രമണം നടത്തിയ ഭീകരര്‍ വിദേശികളെ തെരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു.

കൊല്ലപ്പെട്ടവരില്‍ 18 പേര്‍ വിദേശികളായിരുന്നു. മറ്റുള്ളവര്‍ ബംഗ്ലാദേശ് സ്വദേശികളും. ഇസ്ലാമിക് മതമൗലികവാദികളുടെ അക്രമങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ബംഗ്ലാദേശില്‍ വര്‍ധിച്ചു. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ഷെയ്ക്ക് ഹസീന ഗവണ്‍മെന്റിന്റെ ശ്രമം.

Top