പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പ്; രാജ്യത്ത് 3 പേര്‍ കൊല്ലപ്പെട്ടു

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രാജ്യത്ത് ഇന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. ഇതും പൊലീസ് വെടിവയ്പ്പിലാണെന്നാണ് ആരോപണം. എന്നാല്‍ യുപി പൊലീസ് ഇക്കാര്യം നിഷേധിച്ചു.

മംഗളൂരുവില്‍ വെടിവയ്പ്പിനിടെ പരിക്കേറ്റ ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ മംഗളുരു ഗവണ്‍മെന്റ് വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റും. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റബ്ബര്‍
ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് വിശദീകരണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇരുവരും.

ലക്‌നൗവിലും പൊലീസ് വെടിവയ്പ്പുണ്ടായെന്നാണ് വിവരം. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ പൊലീസ് വെടിവയ്പ്പില്‍ രാജ്യത്താകെ അഞ്ച് പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം രണ്ട് പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

സംഘര്‍ഷത്തിന് പിന്നാലെ മംഗലാപുരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നാളെ രാത്രി വരെ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മാത്രമല്ല മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയും പ്രഖ്യാപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ അര്‍ധസൈന്യത്തേയും രംഗത്തിറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

Top