പ്ലേ ഓഫ് ഉറപ്പിക്കാൻ ബാംഗ്ലൂർ ഇന്നിറങ്ങും; മുംബൈക്കും നിർണായകം

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫ് ഉറപ്പിക്കാൻ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിറങ്ങുമ്പോൾ, എതിരാളികൾ കരുത്തരായ ഗുജറാത്ത് ടൈറ്റൻസ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് വാശിയേറിയ പോരാട്ടം. പോയിന്റ് പട്ടികയിൽ 14 പോയിന്റുള്ള ആർസിബി നാലാം സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസിനും രാജസ്ഥാൻ റോയൽസിനും 14 പോയിന്റുകൾ വീതം ഉണ്ടെങ്കിലും നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിലാണ് ബാംഗ്ലൂരിന്റെ മുന്നേറ്റം.

പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്തിന് ക്വാളിഫയറിനു മുൻപുള്ള പരിശീലന മത്സരമാണിത്. ഇപ്പോൾ തന്നെ 18 പോയിന്റുള്ള ഗുജറാത്ത് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബാംഗ്ലൂര്‍ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും സൂപ്പർ താരം വിരാട് കോലിയും ഗ്ലെൻ മാക്സ്‍വെല്ലും തകർപ്പൻ ഫോമിലാണെന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിങ് പ്രതീക്ഷ. മൂവരും നേരത്തേ പുറത്തായാൽ ആര് സ്കോർ കണ്ടെത്തുമെന്നതാണ് ആശങ്ക. ഇന്ന് ജയിച്ചാൽ ബാംഗ്ലൂരിന് കൂളായി പ്ലേ ഓഫ് ഉറപ്പാക്കാം.

ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ദുർബലരായ സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണു മത്സരമെന്നത് രോഹിത് ശർമയ്ക്കും കൂട്ടർക്കും അനുഗ്രഹമാണ്. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ മുംബൈയ്ക്കു ജയിച്ചാൽ മാത്രം പോര, ഗുജറാത്തിനോട് ആർസിബി തോൽക്കുക കൂടി വേണം. ബാംഗ്ലൂർ വിജയിച്ചാൽ നെറ്റ് റൺ റേറ്റിൽ മുംബൈയേക്കാൾ മുന്നിലുള്ള അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

ഇന്ന് കുറഞ്ഞത് 80 റൺസിനെങ്കിലും ജയിച്ചാൽ മുംബൈയ്ക്ക് ആർസിബിയെ മറികടക്കാനാകും. 14 പോയിന്റുകൾ വീതമുള്ള മുംബൈയുടെ നെറ്റ് റൺറേറ്റ് –0.128 ഉം ആർസിബിയുടേത് 0.180 ഉം ആണ്. പരുക്കേറ്റ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ ഇന്നു കളിക്കുമോയെന്ന കാര്യം ഉറപ്പില്ല. അങ്ങനെയെങ്കിൽ മലയാളി താരം വിഷ്ണു വിനോദിനു വീണ്ടും ടീമിൽ അവസരം ലഭിക്കും.

Top