ഏഴാം തോല്‍വിക്ക് വഴങ്ങി റോയല്‍ ചലഞ്ചേഴ്‌സ്, പൂനെക്ക് രക്ഷ

പൂനെ: ഐപിഎല്‍ 10-ാം സീസണില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. വിരാട് കോഹ്‌ലി നയിക്കുന്ന ടീമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.

ഒന്‍പതു മല്‍സരങ്ങള്‍ക്കിടെ ഏഴാം തോല്‍വിക്ക് വഴങ്ങിയാണ് കോഹ്‌ലിയും സംഘവും പ്ലേ ഓഫ് സാധ്യതകളില്‍നിന്ന് പുറത്തായത്. പൂനെ സൂപ്പര്‍ ജയന്റിനെതിരെ 61 റണ്‍സിനായിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്റെയും തോല്‍വി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൂനെ സൂപ്പര്‍ ജയന്റ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍, വമ്പന്‍ താരങ്ങളുള്‍പ്പെട്ട ബാംഗ്ലൂരിന്റെ മറുപടി 96 റണ്‍സിലൊതുങ്ങി. തോല്‍വി 61 റണ്‍സിന്.

നിര്‍ണായക മല്‍സരത്തില്‍ മികച്ച ഇന്നിങ്‌സുമായി ക്യാപ്റ്റന്‍ കോഹ്‌ലി പൊരുതിയെങ്കിലും മലയാളി താരം സച്ചിന്‍ ബേബി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്യാപ്റ്റനു തുണ നില്‍ക്കാനാകാതെ പോയതോടെ ബാംഗ്ലൂരിന്റെ സൂപ്പര്‍ താരനിര തലതാഴ്ത്തി. വിരാട് കോഹ്ലി, ക്രിസ് ഗെയ്ല്‍, എ.ബി. ഡിവില്ലിയേഴ്‌സ് തുടങ്ങി സമകാലീന ക്രിക്കറ്റിലെ വമ്പന്‍ താരനിര ഉള്‍പ്പെടുന്ന ടീമിനാണ് ഈ ദുര്‍ഗതി.

പുറത്താകലിന്റെ വക്കിലായിരുന്ന പൂനെക്ക് ഈ മല്‍സരത്തിലെ വിജയത്തോടെ ടൂര്‍ണമെന്റിലെ ആയുസ് നീണ്ടു. ഒന്‍പതാം മല്‍സരം കളിച്ച അവരുടെ അഞ്ചാം ജയമാണിത്. ഇതോടെ 10 പോയിന്റുമായി അവര്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 10 മല്‍സരങ്ങളില്‍നിന്ന് രണ്ടു ജയവും ഒരു മല്‍സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ പോയിന്റ് പങ്കുവച്ചപ്പോള്‍ ലഭിച്ച ഒരു പോയിന്റുമുള്‍പ്പെടെ അഞ്ചു പോയിന്റാണ് ബാംഗ്ലൂരിന്റെ സമ്പാദ്യം.

മെച്ചപ്പെട്ട പ്രകടനങ്ങളുമായി കളം നിറഞ്ഞ രാഹുല്‍ ത്രിപാഠി (28 പന്തില്‍ 37), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (32 പന്തില്‍ 45), മനോജ് തിവാരി (35 പന്തില്‍ പുറത്താകാതെ 44), ധോണി (17 പന്തില്‍ പുറത്താകാതെ 21) എന്നിവരാണ് പൂനെയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അജിങ്ക്യ രഹാനെ (എട്ടു പന്തില്‍ ആറ്) നിരാശപ്പെടുത്തി.

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ബാഗ്ലൂരിന്, ഒരു ഘട്ടത്തിലും ജയപ്രതീക്ഷ ഉയര്‍ത്താനായില്ല. അര്‍ധസെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും സഹതാരങ്ങളിലാര്‍ക്കും ഇരട്ട അക്കം തികയ്ക്കാനാകാതെ പോയതോടെ ബാംഗ്ലൂരിന്റെ സ്‌കോര്‍ 96ല്‍ ഒതുങ്ങി. 48 പന്തുകള്‍ നേരിട്ട കോഹ്‌ലി, നാലു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 55 റണ്‍സെടുത്തു.

അതേസമയം, എട്ടു റണ്‍സെടുത്ത ശ്രീനാഥ് അരവിന്ദാണ് കോഹ്‌ലി കഴിഞ്ഞാല്‍ ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. ട്രാവിസ് ഹെഡ് (അഞ്ചു പന്തില്‍ രണ്ട്), എ.ബി. ഡിവില്ലിയേഴ്‌സ് (എട്ടു പന്തില്‍ മൂന്ന്), കേദാര്‍ യാദവ് (12 പന്തില്‍ ഏഴ്), സച്ചിന്‍ ബേബി (നാലു പന്തില്‍ രണ്ട്), സ്റ്റ്യുവാര്‍ട്ട് ബിന്നി (ഏഴു പന്തില്‍ ഒന്ന്), പവന്‍ നേഗി (ഏഴു പന്തില്‍ മൂന്ന്), ആഡം മില്‍നെ (എട്ടു പന്തില്‍ അഞ്ച്) സാമുവല്‍ ബദ്രീ (ഏഴു പന്തില്‍ രണ്ട്) എന്നിവരെല്ലാം നിരാശപ്പെടുത്തി. അരവിന്ദ് അഞ്ചു പന്തില്‍ എട്ടു റണ്‍സോടെയും ചാഹല്‍ ഒന്‍പതു പന്തില്‍ നാലു റണ്‍സോടെയും പുറത്താകാതെ നിന്നു. പുണെയ്ക്കായി ഇമ്രാന്‍ താഹിര്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും ലോക്കി ഫെര്‍ഗൂസന്‍ നാല് ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

Top