ബംഗളൂരു കലാപം; കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ വിരോധം മൂലമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം

ബംഗളൂരു: ബംഗളൂരു കലാപം കോണ്‍ഗ്രസിനുള്ളിലെ രാഷ്ട്രീയ വിരോധം മൂലമെന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രം. നേരത്തെയുള്ള പകതീര്‍ക്കാന്‍ വിവാദ പരാമര്‍ശത്തിന്റെ പേരിലുള്ള തര്‍ക്കത്തെ ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പടെ പ്രതിചേര്‍ത്താണ് ക്രൈം ബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ മേയര്‍ ആര്‍.സമ്പത്ത് രാജ്, അബ്ദുല്‍ രഹീബ് സഹീര്‍ എന്നിവരുടെ പേരാണ് കുറ്റപത്രത്തില്‍ ഉള്ളത്. കേസിലെ 51 ഉം 52 ഉം പ്രതികളാണ് ഇവര്‍.

ഇവര്‍ തമ്മിലുള്ള രാഷ്ട്രീയ വിരോധമാണ് കലാപത്തില്‍ അവസാനിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. മതവിദ്വേഷ പോസ്റ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തെ മുതലാക്കിയെന്നും എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിനു നേതാക്കള്‍ കൂട്ടുനിന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നേതാക്കളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഓഗസ്റ്റ് 11ന് നടന്ന കലാപത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും 50 ഓളം പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 850 പേജുള്ള കുറ്റപത്രമാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്.

Top