ബെംഗളൂരു എഫ്‌സി എറിക് പാര്‍താലുവിനെ പരിശീലന ക്യാമ്പില്‍ നിന്ന് ഒഴിവാക്കി

സീസ് താരം എറിക് പാര്‍താലുവിനെ എഎഫ്‌സി കപ്പ് പരിശീലന ക്യാമ്പില്‍ നിന്ന് ഒഴിവാക്കി ബെംഗളൂരു എഫ്‌സി. താരവുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ക്ലബിന്റെ നടപടി. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരങ്ങളുടെ സംഘടനയായ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് ഓസ്‌ട്രേലിയയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരു എഫ്‌സി എഎഫ്‌സി കപ്പ് പരിശീലന ക്യാമ്പ് ആരംഭിച്ചപ്പോള്‍ അതില്‍ പാര്‍താലു ഉണ്ടായിരുന്നില്ല. തുടര്‍ന്ന് താരം ക്ലബ് വിട്ടു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങി. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് ഓസ്‌ട്രേലിയ വാര്‍ത്താകുറിപ്പ് ഇറക്കിയത്.

ക്ലബുമായി പാര്‍ത്താലുവിന് കരാര്‍ ബാക്കിയുണ്ടെന്നും അത് പൂര്‍ത്തിയാക്കാന്‍ താരം തയ്യാറാണെന്നും വാര്‍ത്താകുറിപ്പില്‍ പിഎഫ്എ പറയുന്നു. എന്നാല്‍ പാര്‍ത്താലുവിനെ ബെംഗളൂരു ഒഴിവാക്കുകയാണ്. ഇന്ത്യയില്‍ തിരികെയെത്താന്‍ വേണ്ട നടപടിക്രമങ്ങള്‍ നടത്താന്‍ താരം പലതവണ ആവശ്യപ്പെട്ടിട്ടും ക്ലബ് അതിനു തയ്യാറായിട്ടില്ല എന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

നേരത്തെ, എഎഫ്‌സി പ്ലേ ഓഫ് മത്സരത്തിനായി മെയ് മാസത്തില്‍ മാല്‍ദീവ്‌സിലെത്തിയ ബെംഗളൂരു ടീം അംഗങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ടീമിനെ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നു. പാര്‍താലു, യുവാനന്‍, യുവാന്‍ എസ്‌നയോള എന്നിവരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതിനു പിന്നാലെ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ക്ലബ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ വ്യക്തമാക്കി. യുവാനന്‍, എസ്‌നയോള എന്നീ താരങ്ങളെ നേരത്തെ ബെംഗളൂരു റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ത്താലുവിനെതിരെയും ക്ലബ് നടപടി സ്വീകരിച്ചിരിക്കുന്നത്.

 

Top