പകരം വീട്ടി ബംഗളൂരു; ജയിച്ചത് എതിരില്ലാത്ത ഒറ്റ ഗോളിന്

ബംഗളൂരു: ഐഎസ്എല്‍ നാലാം സീസണിലെ കലാശപ്പോരില്‍ ചെന്നൈയിന്‍ എഫ്‌സിയോട് കീഴടങ്ങേണ്ടി വന്നതിന് തെല്ലൊരാശ്വാസം. അഞ്ചാം സീസണിലെ ആദ്യ മുഖാമുഖത്തില്‍ പകരം വീട്ടി ബംഗളൂരു എഫ് സി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിന്റെ വിജയം. ആദ്യപകുതിയില്‍ വെനസ്വേല താരം മിക്കു നേടിയ ഗോളാണ് മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ചത്. 41-ാം മിനിറ്റിലായിരുന്നു മിക്കുവിന്റെ ഗോള്‍. ഒരു കളിയില്‍നിന്നും മൂന്നു പോയിന്റുമായി ബംഗളൂരു, കേരളാ ബ്ലാസ്റ്റേഴ്‌സിനു പിന്നില്‍ രണ്ടാമതെത്തി.

കളിയില്‍ മേധാവിത്തം പുലര്‍ത്തിയെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ കാട്ടിയ അലംഭാവമാണ് ചെന്നൈയിനെ തിരിച്ചടിച്ചത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബംഗളൂരുവിനേക്കാള്‍ മികച്ചുനിന്നത് ചെന്നൈയിനായിരുന്നു. എന്നാല്‍, മിക്കു-ഛേത്രി സഖ്യത്തിന്റെ മികവില്‍ മുന്നേറ്റത്തില്‍ പുലര്‍ത്തിയ കൃത്യതയാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്.

മത്സരം ആദ്യപകുതിയുടെ അവസാന അഞ്ചു മിനിറ്റിലേക്ക് കടന്നതിനു തൊട്ടുപിന്നാലെയാണ് കളിയില്‍ നിര്‍ണ്ണായ ഗതിമാറ്റവുമായി ബംഗളൂരു ഗോള്‍ നേടിയത്. മധ്യനിരയില്‍ ഇരുടീമുകളും നടത്തിയ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്തു കിട്ടിയ സിസ്‌കോ അത് മിക്കുവിന് പാസ്സ് ചെയ്തു. ചെന്നൈ പ്രതിരോധത്തിലെ കരുത്തന്‍ മെയില്‍സന്‍ ആല്‍വ്‌സിനെയും ഗോള്‍കീപ്പര്‍ കരണ്‍ജിത്തിനെയും കാഴ്ചക്കാരനാക്കി മിക്കുവിന്റെ ഷോട്ട്. ഓഫ്‌സൈഡ് മണമുള്ള നീക്കമായിരുന്നെങ്കിലും കളി നിയന്ത്രിച്ച മലയാളി റഫറി ബി.സന്തോഷ്‌കുമാര്‍ ഗോള്‍ അനുവദിച്ചതോടെ ബംഗളൂരുവിന് ലീഡ് (10).

Top