ബെംഗളൂരുവില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടവുകേന്ദ്രം പൂര്‍ത്തിയായി

 

ബെംഗളൂരു: ബെംഗളൂരുവിനടുത്ത് സൊന്തകുപ്പയില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടവുകേന്ദ്രത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ഏഴു മുറികള്‍, അടുക്കള, ബാത്ത് റൂം, സുരക്ഷയ്ക്കായി ഉദ്യോഗസ്ഥര്‍, സി.സി.ടി.വി. ക്യാമറകള്‍, സെക്യൂരിറ്റി ടവര്‍ എല്ലാം അടങ്ങിയ തടവുകേന്ദ്രമാണ് പൂര്‍ത്തിയാവുന്നത്. ജനുവരിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി തുറന്നുകൊടുക്കുന്ന തരത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലാണ് തടവുകേന്ദ്രമാക്കിമാറ്റിയത്. വനിതാ ഹോസ്റ്റല്‍ തടവറയാക്കുന്നതിനുള്ള നിര്‍മാണപ്രവൃത്തികള്‍ ആറുമാസംമുമ്പാണ് ആരംഭിച്ചത്. ജീവനക്കാര്‍ക്കായുള്ള ക്വാട്ടേഴ്സിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്ത് മീറ്റര്‍ ഉയരത്തിലുള്ള ചുറ്റുമതിലും മുന്നില്‍ രണ്ട് സുരക്ഷാടവറും നിര്‍മിച്ചിട്ടുണ്ട്. ജയിലിന് സമാനമായ രൂപമാണ് കെട്ടിടത്തിനുള്ളത്.

സാമൂഹികക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 25 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ടെന്ന് കേന്ദ്രത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫോറിന്‍ റീജ്യണല്‍ രജിസ്ട്രേഷന്‍ ഓഫീസ് അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ കേന്ദ്രമാണിത്.

വിസ കാലാവധി കഴിഞ്ഞ് നഗരത്തില്‍ താമസിക്കുന്ന 866 വിദേശികള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 59 ബംഗ്ലാദേശികളെ സര്‍ക്കാര്‍ നാടുകടത്തുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാല്‍ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഇവരെ തടവുകേന്ദ്രത്തില്‍ താമസിപ്പിക്കും.

അതേസമയം നെലമംഗലയില്‍ നിര്‍മിച്ചത് തടവുകേന്ദ്രമല്ലെന്നും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രമാണെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. നൈജീരിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്നും അനധികൃതമായി കുടിയേറിയവരെ പാര്‍പ്പിക്കുന്നതിനാണ് കേന്ദ്രം നിര്‍മിച്ചത്. കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാര്‍ക്കുള്ളതാണിത്. പൗരത്വപ്രശ്‌നവുമായി ബന്ധപ്പെട്ടവര്‍ക്കായല്ല കേന്ദ്രം. ഇത് തടവുകേന്ദ്രമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണന്നും അദ്ദേഹം പറഞ്ഞു.

 

 

Top