‘ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്ക്; യാരിയാന്‍ 2 ടീസര്‍

ബോളിവുഡ് ഹിറ്റ് ചിത്രം യാരിയാന്റെ രണ്ടാം ഭാഗം വരുന്നു. യാരിയാന്‍ 2 എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സിന്റെ റീമേക്കാണ് ചിത്രം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. രാധികാ രാവുവും വിനയ് സാപ്രുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിവ്യാ ഖോസ്ലാ കുമാര്‍, യഷ് ദാസ്ഗദുപ്ത, മീസാന്‍ ജാഫ്രി, വരീനാ ഹുസ്സൈന്‍, പേള്‍ വി പുരി എന്നിവര്‍ക്കൊപ്പം അനശ്വരാ രാജനും പ്രിയാ വാര്യരും സുപ്രധാനവേഷങ്ങളിലുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തിരക്കഥയില്‍ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് യാരിയാന്‍ 2 എത്തുന്നത്. അനശ്വരയും പ്രിയയും ഏത് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. ഇരുവരുടേയും രംഗങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകര്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നതും. മനന്‍ ഭരദ്വാജ്, ഖലീഫ്, യോയോ ഹണി സിങ് എന്നിവരാണ് ഗാനരചനയും സംഗീതസംവിധാനവും. സി.ആര്‍ രവി യാദവാണ് ഛായാഗ്രഹണം. രമേഷ് പ്രജാപതി കലാസംവിധാനം നിര്‍വഹിക്കുന്നു. 2014-ല്‍ പുറത്തിറങ്ങിയ യാരിയാന്‍ സംവിധാനം ചെയ്തത് ദിവ്യാ ഖോസ്ലാ കുമാര്‍ ആയിരുന്നു. ഹിമാന്‍ഷ് കോലിയും രാകുല്‍ പ്രീതുമായിരുന്നു മുഖ്യവേഷങ്ങളില്‍.

Top