നടിയെ അപകീർത്തിപ്പെടുത്തി ; ഏഷ്യാനെറ്റിന് 50 ലക്ഷം പിഴ വിധിച്ച് കോടതി

ബംഗളൂരു ; നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്‌പന്ദനയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ ചാനലുകള്‍ക്കെതിരെ കോടതി നടപടി.
ഏഷ്യാനെറ്റ്‌ ന്യൂസ്, സുവര്‍ണ ന്യൂസ് എന്നീ ചാനലുകള്‍ക്ക് ബാംഗ്ളൂർ ഹൈക്കോടതി പിഴ ചുമത്തി. 2013ലെ ഐ.പി.എല്‍. വാതുവെയ്പ്പിൽ ദിവ്യ സ്‌പന്ദന ഇടപെട്ടുവെന്ന് ഇരു ചാനലുകളും തെറ്റായി വാർത്ത നൽകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് കോടതി 50 ലക്ഷം രൂപ പിഴ വിധിച്ചത്.

സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ താനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന ദിവ്യയുടെ ആവശ്യവും കോടതി അംഗീകരിച്ചു. ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ അംബാസഡർ ആയി മുൻപ് ദിവ്യ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഐ.പി. എല്ലുമായുള്ള ബന്ധം ദിവ്യ അവസാനിപ്പിച്ചിരുന്നു. താന്‍ ഐ.പി.എല്‍. 2013ന്റെ ഭാഗമായിരുന്നില്ലെന്നും ആ സമയത്ത് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നുവെന്നും സ്‌പന്ദന കോടതിയില്‍ ബോധിപ്പിച്ചു.

ഏഷ്യാനെറ്റിന്റെ തന്നെ നിയന്ത്രണത്തിലാണ് സുവര്‍ണ ന്യൂസും പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഐപിഎല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ ദിവ്യ സ്‌പന്ദന എന്ന പേര് അവര്‍ പറഞ്ഞിരുന്നില്ലെന്നും കോടതി പറഞ്ഞു.

എന്നാൽ, തങ്ങൾ ദിവ്യയ്ക്ക് അപകീർത്തി വരുത്തിയിട്ടില്ലെന്നും, പ്രകടമായി ദിവ്യക്കെതിരെ വാർത്തകൾ നൽകിയിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെയും സുവർണ ന്യൂസിന്റെയും അഭിഭാഷകർ കോടതിയിൽ വാദിച്ചു.

Top