ബംഗാളിലെ സിറ്റിങ് സീറ്റുകളില്‍ ധാരണ; രാഹുലും യെച്ചൂരിയും കൂടിക്കാഴ്ച നടത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍

ന്യൂഡല്‍ഹി: ബംഗാളില്‍ കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസ്സും.പൊതുതിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലേക്ക് എത്തുകയാണ് ഇരു പാര്‍ട്ടികളും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് നാലും സിപിഎമ്മിന് രണ്ടും സീറ്റുകളാണുള്ളത് അതിനാല്‍ തന്നെ സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയിട്ടുമുണ്ട്.

വെള്ളിയാഴ്ച ചേരുന്ന സിപിഎം പിബി യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, ആദ്യം അവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. സഖ്യം തീരുമാനിക്കുന്നതില്‍ തങ്ങളുടെ ബംഗാള്‍ ഘടകങ്ങളുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും.

Top