bangal; cpm congress alliance

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സംസ്ഥാന ഇടത് നേതൃത്വം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങളെ ചെറുക്കാനും ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാനും കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന വിശാല മതേതര ബദല്‍ കൂടിയേ തീരൂവെന്ന് നേതാക്കള്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കള്‍ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടി തെറ്റാണെന്നും ഇത് തിരുത്തണമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരുന്നു.

കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പി.ബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസുമായി ബന്ധം തുടര്‍ന്നേപറ്റൂ എന്ന നിലപാട് ആവര്‍ത്തിച്ചത്.

പാര്‍ട്ടിയുടെ അടവുനയത്തിന് വിരുദ്ധമായിട്ടാണ് ബംഗാളില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതെന്ന് വിശദീകരിച്ച് സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചില്ല.

കേന്ദ്രകമ്മിറ്റി തലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്ലീനത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് ചര്‍ച്ചചെയ്യാന്‍ സംസ്ഥാന തലത്തിലും ഒരു പ്ലീനം നടത്താനും തീരുമാനിച്ചു.

സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയായിരിക്കും സംഘടനാ പ്ലീനം നടക്കുകയെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. ബംഗാളിലെ സവിശേഷ സാഹചര്യം വിലയിരുത്തുന്നതില്‍ കേന്ദ്രകമ്മിറ്റി പരാജയപ്പെട്ടെന്ന് സഖ്യത്തെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക ലൈന് വിരുദ്ധമായിരിക്കാം ബംഗാളില്‍ പാര്‍ട്ടി സ്വീകരിച്ചത്.

പക്ഷേ സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.

സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയ വിഷയത്തിലും ജ്യോതിബസു പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതിലും കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകത്തിന്റെ വികാരങ്ങള്‍ അവഗണിച്ചതും ചില നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.

സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത് സംസാരിച്ച 30 അംഗങ്ങളില്‍ 27 പേരും കോണ്‍ഗ്രസ് സഖ്യത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, ഹനന്‍ മുല്ല, എം.എ ബേബി എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

Top