ബന്ദിപ്പുര്‍ യാത്രാനിരോധനം: കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ തേടിയെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ബന്ദിപ്പുര്‍ യാത്രാ നിരോധനത്തില്‍ അടിയന്തിര ഇടപെടല്‍ കേന്ദ്രത്തോട് തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധ സമിതി വിശദമായ പഠന റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

‘ബന്ദിപ്പുര്‍ ദേശീയപാതയിലെ യാത്രാ നിയന്ത്രണത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രകാശ് ജാവദേക്കറെ കണ്ടത്. രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതിനൊപ്പം ഇനി മുതല്‍ പകല്‍ സമയം കൂടി നിരോധിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനെതരേ ശക്തമായ പൊതുജനപ്രതിഷേധമാണ്‌പൊതുവെ ഉയര്‍ന്നു വന്നിട്ടുള്ളത്. വയനാട്ടിലെ ജനങ്ങള്‍ പ്രതിഷേധ സമരത്തിലാണ്.

തോല്‍പെട്ടി നാഗര്‍ഹോള വഴിയുള്ള ബദല്‍ പാത നിര്‍ദേശമുണ്ട്. എന്നാല്‍ ഇതുവഴി 40 കിലോമീറ്റര്‍ അധിക യാത്ര വേണ്ടി വരും. മാത്രമല്ല വനത്തിലൂടെ തന്നെയാണ് ഈ പാതയും. കുറച്ചു നാള്‍ കഴിഞ്ഞ് ഇതിനും തടസ്സങ്ങളുയരുമോ എന്ന ആശങ്കയുണ്ട്. അധിക ദൂരത്തിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രി ജാവദേക്കര്‍ പറഞ്ഞത് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനാണ്. അവര്‍ റിപ്പോര്‍ട്ട് അടിന്തിരമായി നല്‍കാനും നിര്‍ദേശിച്ചു. വിദഗ്ധ സമിതിയുടെ മുന്നില്‍കേരളത്തിനും അഭിപ്രായം പറയാം.

എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശമായതുകൊണ്ട് പരിമിതമായ തോതിലേ സര്‍ക്കാരിന് ഇടപെടാനാവൂ.ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി സുപ്രീം കോടതിയെ അറിയിക്കുന്ന നിലപാട് സ്വീകരിക്കാം എന്ന് മന്ത്രി വാക്ക്നല്‍കിയിട്ടുണ്ട്” – മുഖ്യമന്ത്രി അറിയിച്ചു

Top