ടെക്‌നോപാര്‍ക്കില്‍ ഭക്ഷണശാലയിലെ ബിരിയാണിയില്‍ മുറിവുപൊതിഞ്ഞ ബാന്‍ഡ് എയ്ഡ്

കഴക്കൂട്ടം: ടെക്‌നോപാര്‍ക്കിലെ ഒരു ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയില്‍ മുറിവുപൊതിഞ്ഞ ബാന്‍ഡ് എയ്ഡ്. നിള മന്ദിരത്തിലെ രംഗൊലിയില്‍ കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാന്‍ ചെന്ന ഐ.ടി. ജീവനക്കാരനാണ് ബിരിയാണിയില്‍ മുറിവുപൊതിഞ്ഞ ബാന്‍ഡ് എയ്ഡ് കിട്ടിയത്.

ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി പാര്‍ക്ക് സെന്ററില്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് രംഗൊലി അനിശ്ചിതകാലത്തേക്ക് പൂട്ടിച്ചു.

ഈ ഹോട്ടല്‍ കരാര്‍കൊടുത്താണ് നടത്തുന്നത്. ഹോട്ടലിനെ പറ്റി ഇതിന് മുമ്പും നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. ആറുമാസംമുന്‍പ് ഇവിടത്തെ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയിരുന്നു. പരാതികള്‍ ഉയര്‍ന്നപ്പോള്‍ കുറച്ച് ദിവസത്തേയ്ക്ക് മാത്രം ഹോട്ടല്‍ അടച്ച് ഇട്ടു. പിന്നീട് വീണ്ടും ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിച്ചു.

ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെപ്പറ്റി പരിഗണനയില്ലാത്ത ആളുകളെ ടെക്‌നോപാര്‍ക്കിലെ ഭക്ഷണക്കടകളുടെ നടത്തിപ്പില്‍നിന്ന് സ്ഥിരമായി മാറ്റണമെന്ന് പ്രതിധ്വനി ആവശ്യപ്പെട്ടു. പത്തുദിവസം മുന്‍പ് ടെക്‌നോപാര്‍ക്കിനു മുന്നിലെ ഒരു സ്വകാര്യ കടയില്‍നിന്ന് ആഹാരംകഴിച്ച അന്‍പതോളം ഐ.ടി. ജീവനക്കാര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു

എട്ടുമാസം മുന്‍പ് ടെക്‌നോപാര്‍ക്ക് വളപ്പിലും പുറത്തുമുള്ള കടകളില്‍നിന്ന് ഭക്ഷണംകഴിച്ച നാന്നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി.

Top