പഴത്തിന് 1.6 ലക്ഷം രൂപയുടെ ബില്‍; യുവതിയുടെ അക്കൗണ്ട് കാലി

ലണ്ടന്‍: സാധനങ്ങള്‍ വാങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന തരത്തിലുള്ള ബില്‍ ലഭ്യമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ഷോപ്പുകളില്‍ ഇത്തരത്തിലുള്ള പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടവര്‍ സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവയ്ക്കുമ്പോള്‍ മാത്രമാണ് ഇക്കാര്യം പുറത്തറിയുന്നത്. പണം നഷ്ടമായ സാഹചര്യത്തെ നിയമപരമായി നേരിട്ടാല്‍ പോലും പലര്‍ക്കും നഷ്ടമായ തുക മടക്കി ലഭിക്കാറില്ല. ഇതിന് സമാനമായ സംഭവം ലണ്ടനില്‍ ഉണ്ടായി എന്നുളള റിപ്പോര്‍ട്ടുകളാണ് വരുന്നത്. പഴം വാങ്ങിയ യുവതിക്കാണ് വലിയ തുക നഷ്ടമായത്.

ലണ്ടന്‍ സ്വദേശിയായ സിംബ്രേ ബാണ്‍സ് എന്ന യുവതിക്കാണ് പഴം വാങ്ങിയതില്‍ 1,600 പൗണ്ട് (1.6 ലക്ഷം രൂപ) നഷ്ടമായത്. നഗരത്തിലെ മാര്‍ക്സ് ആന്‍ഡ് സ്‌പെ9സെര്‍ റീട്ടെയ്ല്‍ ഷോറൂമില്‍ നിന്നുമാണ് ലക്ഷങ്ങളുടെ ബില്‍ ലഭ്യമായത്. പഴത്തിന് ഒരു ഡോളര്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ബില്‍ ലഭ്യമായപ്പോള്‍ 1,600 ഡോളര്‍ ഈടാക്കിയതായി കണ്ടു. ഞെട്ടിക്കുന്ന അനുഭവമായിരുന്നു ഇത്. ഒരു വാഴപ്പഴത്തിന് ഇത്രയും തുക ബില്ലില്‍ ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും യുവതി പറയുന്നു.

ജോലിക്ക് പോകാനുള്ള തിരക്കിനിടെയാണ് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങേണ്ടി വന്നത്. വാഴപ്പഴം അടക്കമുള്ള സാധനങ്ങള്‍ വാങ്ങി. ‘ആപ്പിള്‍ പേ’ ഉപയോഗിച്ച് ബില്‍ തുക നല്‍കുകയായിരുന്നു. പെട്ടെന്ന് ബില്‍ അടയ്ക്കാന്‍ കഴിയുമെന്നതിനാലാണ് ഈ മാര്‍ഗം സ്വീകരിച്ചത്. എന്നാല്‍ പഴത്തിന് 1,602 പൗണ്ട് (1,60,596 രൂപ) ചെലവഴിച്ചു എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കുകയായിരുന്നു. ബില്‍ കൗണ്ടറില്‍ വിവരം അറിയിക്കുന്നതിന് മുന്‍പ് തന്നെ പണം നഷ്ടമായി കഴിഞ്ഞിരുന്നുവെന്നും സിംബ്രേ ബാണ്‍സ് എന്ന 28കാരി പറഞ്ഞു.

വലിയ തുക നഷ്ടമായതോടെ വിവരം അറിയിച്ചെങ്കിലും അനുകൂലമായ നിലപാടല്ല കടയില്‍ നിന്നും ലഭിച്ചതെന്ന് യുവതി പറഞ്ഞു. ഈ ഷോപ്പില്‍ റീഫണ്ട് സൗകര്യം ഇല്ലെന്ന മറുപടിയാണ് ജീവനക്കാരില്‍ നിന്നും ലഭിച്ചത്. റീഫണ്ട് ആവശ്യമാണെങ്കില്‍ മറ്റൊരു കടയില്‍ എത്തണമെന്നും ഇവര്‍ പറഞ്ഞതായി യുവതി വ്യക്തമാക്കി. പണം നഷ്ടമായതിന്റെ ആശങ്കയില്‍ മറ്റൊരു കടയിലേക്ക് എത്തേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ ഭാഗത്തു നിന്ന് സംഭവിച്ച് അബദ്ധത്തിന് സ്ത്രീയോട് മാപ്പ് പറഞ്ഞതായും സിംബ്രേ ബാണ്‍സിന് നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി വക്താവ് അറിയിച്ചു

 

Top