ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിരോധനം ഇന്ത്യയിൽ; 21,000 കോടി രൂപ നഷ്ടം

ന്യൂഡൽഹി: 2012 ജനുവരി മുതൽ 2021 മാർച്ച് വരെയുള്ള സമയത്തു രാജ്യത്തെ പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തതു 518 ഇന്റർനെറ്റ് നിരോധനസംഭവങ്ങളാണ്; ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിരോധനം കാരണം രാജ്യത്തു 2020ൽ 2.8 ബില്യൻ ഡോളർ (ഏകദേശം 21,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു കണക്ക്. കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ ഐടി പാർലമെന്ററി സ്ഥിരം സമിതി കഴിഞ്ഞ ദിവസം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങളാണിത്. ബിഹാറിൽ 2018 ഓഗസ്റ്റ് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള സമയത്ത് 6 ഇന്റർനെറ്റ് നിരോധനമുണ്ടായി. ജമ്മു കശ്മീരിൽ 93 സംഭവങ്ങൾ കഴിഞ്ഞ 4 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തുവെന്നാണു വിവരങ്ങൾ.

തലസ്ഥാന നഗരമായ ഡൽഹിയിൽ സംസ്ഥാന സർക്കാർ ഇന്റർനെറ്റ് നിരോധത്തിനു നിർദേശം നൽകിയിരുന്നില്ലെങ്കിലും 2019 ഡിസംബറിൽ 2 തവണയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റർനെറ്റ് നിരോധിച്ച് നിർദേശം നൽകിയത്. കാര്യമിതൊക്കെയാണെങ്കിലും ഇന്റർനെറ്റ് നിരോധനം സംബന്ധിച്ച കൃത്യമായ കണക്കുകൾ ഒരു കേന്ദ്ര ഏജൻസിയുടെ കൈവശവുമില്ല. ടെലികോം, ആഭ്യന്തര മന്ത്രാലയങ്ങൾക്കൊന്നും ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങളില്ലെന്നും സംസ്ഥാനങ്ങളും ജില്ലാ ഭരണകൂടവുമെല്ലാം ഇക്കാര്യത്തിൽ അവസരോചിതമായ തീരുമാനങ്ങളെടുക്കുകയുമാണെന്നാണു കേന്ദ്രസർക്കാരിന്റെ വിശദീകരണം.

ടെലികോം കമ്പനികൾക്ക് ഒരു സർക്കിളിൽ മണിക്കൂറിൽ 2.45 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണു സെല്ലുല്ലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്ക്. ഇന്റർനെറ്റ് അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കുണ്ടായ നഷ്ടം വേറെ. ഇന്റർനെറ്റ് നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണു സുപ്രീം കോടതി വിധി.

അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളുടെ സുരക്ഷയെ കരുതിയാണു ഇന്റർനെറ്റ് നിരോധിക്കുന്നതെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ ഇന്റർനെറ്റിനു മുൻപും അതിനു ശേഷവുമുള്ള കലാപങ്ങളെ താരതമ്യം ചെയ്യാനും ഇന്റർനെറ്റ് ഏതൊക്കെ തരത്തിൽ കലാപങ്ങൾക്കു കാരണമായെന്നു പഠനം നടത്താനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശ്രമിച്ചിട്ടില്ലെന്നാണു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രാജ്യത്തെ പല ഭാഗത്തും തുടർച്ചയായി ഇന്റർനെറ്റ്, ടെലികോം സേവനങ്ങൾ വിലക്കുന്നതു ജനജീവിതത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നതും ഈ പശ്ചാത്തലത്തിലാണ്.

‘ഇന്റർനെറ്റ് വിലക്ക് എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്താൻ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിശദമായ പഠനം ആവശ്യമാണ്. സാമ്പത്തിക നഷ്ടം മാത്രമല്ല, പൊതുജനങ്ങളുടെ സുരക്ഷയെയും ഇതു ബാധിക്കുന്നുണ്ട്’ റിപ്പോർട്ടിൽ പറയുന്നു.

 

Top