ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ മലയാളത്തില്‍ സംസാരിക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. മലയാളമൊഴികെ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാം. ജോലി സമയത്ത് നഴ്‌സിംഗ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം.

മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടാണ് ഇവിടത്തെ നേഴ്‌സിങ് സൂപ്രണ്ട് അസാധാരണമായ ഉത്തരവിറക്കിയിരിക്കുന്നത്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയാണിത്. തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം, ആശുപത്രിയില്‍ ജോലിചെയ്യുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവര്‍ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ പറയുന്നു.

Top