കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായി. തരൂര്‍ അടക്കമുള്ളവര്‍ ഒപ്പിട്ടു നല്‍കിയ കത്തിനെക്കുറിച്ച് സംസ്ഥാന നേതാക്കളില്‍ പലരും പരസ്യമായ വിയോജിപ്പ് രേഖപ്പെടുത്തി.

കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു. എതിര്‍ത്തും അനുകൂലിച്ചും സമൂഹ്യമാധ്യമങ്ങളിലൂടെയും പ്രതികരണങ്ങളുണ്ടായി. പി.ടി തോമസ് ഉള്‍പ്പെടെയുള്ള ചിലര്‍ തരൂരിനെ അനുകൂലിച്ചും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്ന ഒരു പരസ്യ പ്രസ്താവനകളും ഉണ്ടാകരുതെന്ന നിര്‍ദേശം കെ.പി.സി.സി നല്‍കിയിരിക്കുന്നത്.

ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷകരമായ രീതിയില്‍ പ്രകടിപ്പിക്കരുതെന്നാണ് കെ.പി.സി.സിയുടെ നിര്‍ദേശം.

Top