കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് തീറ്റപ്പുല്ല് കൊണ്ടുവരുന്നതിന് നിരോധനം

കര്‍ണാടക: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് തീറ്റപ്പുല്ല് കൊണ്ടുവരുന്നതിന് നിരോധനം. ചാമരാജ് ജില്ല ഡെപ്യൂട്ടി കമ്മിഷണറുടേതാണ് ഉത്തരവ്. കര്‍ണാടകയില്‍ മഴ കുറഞ്ഞതും, കാലാവസ്ഥാ വ്യതിയാനവുമാണ് നിരോധനത്തിന്റെ പ്രധാന കാരണമായ് പറയുന്നത്. ഇതോടെ വയനാട് ജില്ലയിലെ ക്ഷീര കര്‍ഷകരാണ് ബുദ്ധിമുട്ടിലായത്.

വയനാട് ജില്ലയില്‍ നിന്നടക്കം സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകരാണ് കര്‍ണാടകയില്‍ നിന്നുള്ള തീറ്റപ്പുല്ലിനെ ആശ്രയിച്ചിരുന്നത്. ക്ഷീരോല്‍പാദന സംഘങ്ങള്‍ സബ്‌സിഡി നിരക്കില്‍ ആയിരുന്നു ഇവിടെ നിന്നും എത്തിച്ച തീറ്റപ്പുല്ല്, കച്ചി തുടങ്ങിയ ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നത്. ചെറുകിട ഫാം കര്‍ഷകരും ഇവിടെ നിന്നും തീറ്റപ്പുല്ല് എത്തിക്കുമായിരുന്നു. നൂറുകണക്കിന് ടാക്‌സി വാഹനങ്ങളിലാണ് കേരളത്തിലേക്ക് പുല്ല് എത്തിച്ചിരുന്നത്. ഇതിനാണ് ചാമരാജ് നഗര്‍ ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിനു മഴ ലഭിക്കാത്തതും വരള്‍ച്ചയുമാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. ഇതോടെ ക്ഷീരമെഖലയിലെ ചെറുകിടക്കാരായ 80 % കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കലക്ടര്‍ തല ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യം.

Top