പ്രധാനമന്ത്രിയുടെ നമോ ആപ്പും നിരോധിക്കണമെന്ന് പൃഥ്വിരാജ് ചവാന്‍

മുംബൈ: അതിര്‍ത്തി പ്രശ്നങ്ങളെ തുടര്‍ന്ന് ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പും നിരോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍.

ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതാണ് നമോ ആപ്പ് എന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നത് നല്ല കാര്യമാണ്. പ്രധാനമന്ത്രിയുടെ നമോ ആപ്പും ഉപഭോക്താക്കളുടെ അറിവ് കൂടാതെ നമോ ആപ്പ് പ്രൈവസി സെറ്റിങ്ങുകളില്‍ മാറ്റംവരുത്തുകയും സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യുന്നതായും ചവാന്‍ ആരോപിച്ചു.

ടിക് ടോക്ക്, യുസി ബ്രൗസര്‍ തുടങ്ങിയവയടക്കം 59 ചൈനീസ് ആപ്പുകള്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചത്. ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ 20 ജവാന്‍മാര്‍ വീരമൃത്യു വരിക്കാനിടയാക്കിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി.

Top