ഗോവയില്‍ മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം നടപ്പാക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി

പനാജി: ഗോവയിലെ മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി തടയുവാനുളള ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വലതുപക്ഷ സംഘടന. ഗോവ ആസ്ഥാനമായുള്ള ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രതിനിധികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. നോര്‍ത്ത് ഗോവ ജില്ലാ കളക്ടര്‍ മാമു ഹാഗെയ്ക്ക് സംഘം നിവേദനം സമര്‍പ്പിച്ചു. 2021മാര്‍ച്ചില്‍ വരുണ്‍ പ്രിയോള്‍ക്കര്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ അനധികൃതമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് നോര്‍ത്ത് ഗോവ അഡീഷണല്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഉത്തരവെന്ന് എച്ച്‌ജെഎസ് ഗോവ കണ്‍വീനര്‍ മനോജ് സോളങ്കി പറഞ്ഞു. പ്രിയോള്‍ക്കറുടെ പരാതി പരിഹരിക്കാന്‍ നോര്‍ത്ത് ഗോവ അഡീഷണല്‍ കളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പള്ളികളില്‍ നിന്നുള്ള ഉച്ചത്തിലുള്ള ബാങ്ക് വിളിയുടെ ശബ്ദം കാരണം, മറ്റെല്ലാ മതത്തില്‍ പെട്ടവരും ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേള്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് മതസ്വാതന്ത്ര്യമല്ല, അതേ തത്വങ്ങള്‍ ഉപയോഗിച്ച്, മറ്റെല്ലാ മതക്കാരും അവരുടെ മതങ്ങളില്‍ ഉച്ചഭാഷിണി സ്ഥാപിക്കാന്‍ തുടങ്ങിയാല്‍, ഇത് ഒരു വലിയ പ്രശ്‌നമാകും,’മനോജ് സോളങ്കി പറഞ്ഞു.പ്രസ്തുത മസ്ജിദുകളില്‍ പതിവായി നിരീക്ഷണം നടത്താനും ഉച്ചഭാഷിണി നിരോധിച്ചുകൊണ്ടുളള ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഗോവയിലെ പള്ളികളില്‍ നിന്നും ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളി തുടരുന്നതായി കാണുന്നുവെന്നാണ് എച്ച്‌ജെഎസ് മനോജ് സോളങ്കി ആരോപിക്കുന്നത്.

ഹിജാബ്, ഹലാല്‍ ഭക്ഷണം, പള്ളികളിലെ ബാങ്ക് വിളി, മുസ്ലീം കച്ചവടക്കാരെ അക്രമിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ മുസ്ലിംകള്‍ക്കെതിരെ തുടര്‍ച്ചയായി രംഗത്തു വരുന്ന പശ്ചാത്തലത്തിലാണ് ഗോവയിലെ ഹിന്ദു ജനജാഗ്രതി സമിതിയുടെ ആവശ്യം. കര്‍ണ്ണാടകയിലെ ക്ഷേത്ര പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം മുസ്ലീം കച്ചവടക്കാരുടെ കടകള്‍ ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. മുസ്ലിം കച്ചവടക്കാരില്‍ നിന്ന് പഴവും പച്ചക്കറിയും ഉള്‍പ്പെടെയുളള സാധനങ്ങള്‍ വാങ്ങരുതെന്നും തീവ്രവലതുപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

Top