Ban Ki-moon offers to mediate between India, Pakistan

യുണൈറ്റഡ് നേഷന്‍സ്: ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടാമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍.

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ അംബാസഡര്‍ മലീഹ ലോധി മൂണിനെ കണ്ടിരുന്നു. ഇതിനു ശേഷമാണ് യു.എന്‍ ഇക്കാര്യം അറിയിച്ചത്.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവാതെ നോക്കാന്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ബാന്‍ കീ മൂണ്‍ പറഞ്ഞു. നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും ഇരു രാജ്യങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ ഇടപെടാന്‍ യു.എന്‍ തയ്യാറാണ് മൂണിന്റെ വക്താവ് പറഞ്ഞു.

ഉറി ഭീകരാക്രമണത്തിന് പകരമായി വ്യാഴാഴ്ച പുലര്‍ച്ചെ പാക് അധീന കാശ്മീരില്‍ കടന്നു കയറി ഇന്ത്യന്‍ സൈന്യം ഭീകര ക്യാംപുകള്‍ മിന്നല്‍ ആക്രമണത്തിലൂടെ തകര്‍ത്തിരുന്നു. തുടര്‍ന്നാണ് പാകിസ്ഥാന്‍ പരാതിയുമായി ഐക്യരാഷ്ട്ര സഭയുടെ മുന്നിലെത്തിയത്. ഏഷ്യന്‍ മേഖലയെ സംബന്ധിച്ചടത്തോളം ഇപ്പോഴത്തേത് അപകടകരമായ സാഹചര്യമാണെന്ന് ലോധി യു.എന്നിനെ ധരിപ്പിച്ചിരുന്നു.

കാശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ആരും മദ്ധ്യസ്ഥത വഹിക്കേണ്ടതില്ലെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. മുന്‍പ് അമേരിക്കയും മദ്ധ്യസ്ഥതയ്ക്കുള്ള സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാന്‍ അനാവശ്യ അവകാശവാദം ഉന്നയിക്കുകയാണെന്നുമാണ് ഇന്ത്യയുടെ വാദം.

Top