അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 31വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 31വരെ നീട്ടി ഉത്തരവിറങ്ങി. എന്നാല്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ബബിള്‍സ് സര്‍വീസുകള്‍ രാജ്യം അനുവദിക്കും. ആദ്യഘട്ടത്തില്‍ ഇതില്‍ യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ് രാജ്യങ്ങളാണ് ഉള്‍പ്പെടുക.

പിന്നീട് യുകെ, കാനഡ എന്നീ രാജ്യങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഈ സംരംഭത്തില്‍ പങ്കാളികളായേക്കും. അന്താരാഷ്ട്ര യാത്രകള്‍ വരുന്ന ഓഗസ്റ്റ് 31 രാത്രി 11.59 പിഎം വരെ നിര്‍ത്തലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അനുവാദം ലഭിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 22നാണ് ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയത്.

അതേ സമയം, വിദേശ വിമാന കമ്പനികളുടെ 2500 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ യാത്രക്കാരെ ഇറക്കാനും, ഇവിടുന്ന് കയറ്റികൊണ്ടു പോകാനും അനുമതി നല്‍കിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top