സസ്‌പെന്‍ഷന്‍ മാത്രം പോര, പാണ്ഡ്യയെയും രാഹുലിനെയും ഐപിഎല്ലിലും കളിപ്പിക്കരുത്; ആഞ്ഞടിച്ച് ആരാധകര്‍

ടെലവിഷന്‍ പരിപാടിക്കിടെ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനുമെതിരെ ആഞ്ഞടിച്ച് ആരാധകരും. മോശം പരാമര്‍ശത്തിന്റെ പേരില്‍ ബിസിസിഐ യുടെ വിലക്ക് നേരിടുന്ന താരങ്ങളെ ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിപ്പിക്കരുതെന്നാണ് ഇപ്പോള്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഹാര്‍ദിക് പാണ്ഡ്യക്കെതിരെയാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ടെലിവിഷന്‍ ഷോയില്‍ ഹാര്‍ദിക് പാണ്ട്യ നടത്തിയ പരാമര്‍ശങ്ങളായിരുന്നു കൂടുതല്‍ വിവാദമായതും. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ രാഹുലിനേയും പാണ്ട്യയ്‌ക്കൊപ്പം ഐപിഎല്ലില്‍ നിന്ന് വിലക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

പൊതു വേദിയില്‍ വെച്ച് സ്ത്രീകള്‍ക്കെതിരെ ഇത്ര മോശമായി സംസാരിച്ച ഇരുവര്‍ക്കും ഇത്തരത്തിലൊരു ശിക്ഷ നല്‍കേണ്ടത് അനിവാര്യമാണെന്നും സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന ശക്തമായ സന്ദേശമാകും അത് നല്‍കുകയെന്നുമാണ് ആരാധകര്‍ പറയുന്നത്.

Top