ആയുധക്കടത്ത് ; ഇന്ത്യ – പാക് നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് കേന്ദ്രത്തിന്റെ വിലക്ക്

KASHMIR

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് വെള്ളിയാഴ്ച മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.

വ്യാപാരത്തിന്റെ പേരില്‍ പാകിസ്ഥാന്‍ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വ്യാജ കറന്‍സി വിതരണം എന്നിവ നടത്തുന്നെന്ന റിപ്പോര്‍ട്ടുകളാണ് വിലക്കിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പാക്കിസ്ഥാന്‍ കശ്മീരിലെ ഭീകരവാദ സംഘങ്ങള്‍ക്ക് വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ പാക്കിസ്ഥാന്‍ വിതരണം ചെയ്ത 70 ചൈനീസ് ഗ്രനേഡുകള്‍ കശ്മീരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള എപിഐകളാണ് ഭീകരവാദ സംഘങ്ങളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഇതില്‍ മാരക പ്രഹരശേഷിയുള്ള തോക്കുകളും ഷെല്ലുകളും മൈല്‍ഡ് സ്റ്റീല്‍ കോര്‍ എപിഐയും ഹാര്‍ഡ് സ്റ്റീല്‍ കോര്‍ എപിഐയും ഉള്‍പ്പെടുന്നു.

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്ക് നേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെ തവണയാണ് വിവിധ തീവ്രവാദ സംഘങ്ങള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.

Top