വിലക്ക് അവസാനിച്ചു; മെസ്സിക്ക് ഇനി ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കാം

ബ്യൂണസ് ഐറിസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ വിലക്ക് അവസാനിച്ചു. അടുത്ത മാസം നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസ്സിക്ക് ഇനി കളിക്കാം. കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകുകയും ടൂര്‍ണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമര്‍ശിച്ചതിനുമായിരുന്നു മെസ്സിക്ക് മൂന്നു മാസത്തെ വിലക്കും 50,000 യുഎസ് ഡോളര്‍ പിഴയും ലഭിച്ചത്.

ഇപ്പോള്‍ വിലക്കിന്റെ കാലാവധി അവസാനിച്ചതായുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ (എ.എഫ്.എ) വാദം ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഒക്ടോബര്‍ എട്ടിന് ബ്യൂണസ് ഐറിസില്‍ ഇക്വഡോറിനെതിരെയും പിന്നീട് ബൊളീവിയക്ക് എതിരെയും നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസ്സിക്ക് കളിക്കാം.

കഴിഞ്ഞ വര്‍ഷം ചിലിക്കെതിരേ നടന്ന കോപ്പ അമേരിക്ക മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ലഭിച്ച ചുവപ്പു കാര്‍ഡാണ് മെസ്സിയെ പ്രകോപിതനാക്കിയത്. ഇതിനു പിന്നാലെ ടൂര്‍ണമെന്റില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ബ്രസീല്‍ ജേതാക്കളാകുന്ന തരത്തിലാണു ടൂര്‍ണമെന്റ് രൂപകല്‍പന ചെയ്തതെന്നും മെസ്സി തുറന്നടിച്ചു.

Top