മുഖ്യമന്ത്രിമാരുടെ മോഹം നടക്കില്ല, നിയമം പാലിച്ചേ മതിയാകൂ! സംസ്ഥാനങ്ങളെ തള്ളി കേന്ദ്രം

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തിയ സംസ്ഥാനങ്ങളെ തള്ളി കേന്ദ്ര സര്‍ക്കാര്‍. നിയമം നടപ്പാക്കല്‍ നിര്‍ത്തിവക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും അവകാശമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് പൗരത്വ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് വിട്ട് നിന്നത്.

തങ്ങള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കില്ല എന്നായിരുന്നു എല്ലാ മുഖ്യമന്ത്രിമാരുടെയും പ്രസ്താവന. നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. തുടര്‍ന്ന് മമത ബാനര്‍ജി, ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ്, കമല്‍നാഥ് തുടങ്ങിയവരും രംഗത്തെത്തി.

ഭരണഘടനയുടെ ഏഴാം അനുഛേദം അനുസരിച്ചുള്ളതാണ് പൗരത്വവുമായി ബന്ധപ്പെട്ട വിഷയം. ഏഴാം പട്ടികയിലെ വിഷയങ്ങളില്‍ കേന്ദ്ര തീരുമാനം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകവും പാലിക്കാന്‍ വിധേയവും ആണ്. ആഭ്യന്തര വകുപ്പിലെ ചീഫ് സെക്രട്ടറിമാരാണ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുക.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഡല്‍ഹിയിലും പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ആഞ്ഞടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അസമിലും പശ്ചിമ ബംഗാളിലും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുകയും വ്യാപക സംഘര്‍ഷങ്ങളുണ്ടാവുകയും ചെയ്തിരുന്നു. അസാമിലെ ചില ജില്ലകളില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും സാഹചര്യം സാധാരണ നിലയിലേക്ക്‌ മടങ്ങിയിട്ടില്ല.

Top