ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം: കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകും. ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റാണ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ആക്രമിച്ചത് ലീഗ് – എസ്‍ഡിപിഐ പ്രവർത്തകരാണെന്ന ശക്തമായ പ്രചാരണം ഡിവൈെഎഫ്ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവർത്തകൻ അറസ്റ്റിലായത്. ഇതോടെ പ്രതിരോധത്തിലായ ഡിവൈഎഫ്ഐ അറസ്റ്റിലായ നജാഫ് ഫാരിസിന് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് പരസ്യനിലപാട് എടുത്തു.

കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നജാഫിൻറെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തിൽ പരാതി വന്നത്. എന്നാൽ, നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വസീഫ് വ്യക്തമാക്കി. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Top