ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീഴുമ്പോള്‍ സിപിഎമ്മിന് പൊള്ളുന്നത് സ്വാഭാവികമാണെന്ന് ബല്‍റാം

തൃശ്ശൂര്‍: എ.കെ.ജിക്കെതിരായ വിവാദപരാമര്‍ശത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിലും സ്വയം ന്യായീകരിച്ച് വിടി ബല്‍റാം എംഎല്‍എ.

ചില വിഗ്രഹങ്ങള്‍ ഉടഞ്ഞു വീഴുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നുണ്ടെങ്കില്‍ അതവരുടെ വിധിയാണെന്നും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ബല്‍റാം പറഞ്ഞു.

തൃത്താലയില്‍ ഇറങ്ങിനടക്കാന്‍ പോലീസിന്റെ ആവശ്യമില്ല. തനിക്ക് ജനപിന്തുണയുണ്ട്. ആ കരുത്തിലാണ് മുന്നോട്ടുപോകുന്നതെന്നും, വാക്കില്‍ തിരുത്താന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്നും വിടി ബല്‍റാം പറഞ്ഞു.

എംഎല്‍എ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃത്താലയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃത്താലയില്‍ സിപിഎമ്മിന് 20 വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിയാത്ത എംഎല്‍എ ഓഫീസാണ് അവര്‍ തകര്‍ത്തതെന്നും വിടി ബല്‍റാം പറഞ്ഞു. അഭിപ്രായം പറയുക എന്നത് ഭരണഘടന നല്‍കുന്ന അവകാശമാണ്, അത് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളുടെ കൊടിക്കൂറ ഉയര്‍ന്നു നില്‍ക്കും.വാക്കുകളില്‍ വന്ന പിശക് ആവര്‍ത്തിക്കേണ്ടെന്നാണ് തീരുമാനം. പക്ഷേ, ആ തിരുത്ത് സിപിഎം പറയേണ്ട, എനിക്ക് എന്റെ പാര്‍ട്ടിയും ജനങ്ങളുമുണ്ട്- വിടി ബല്‍റാം പറഞ്ഞു. മരിച്ചുപോയ തന്റെ അമ്മയെ ഫേസ്ബുക്കില്‍ അടക്കം തെറിവിളിക്കുകയാണെന്നും, എന്നാല്‍ തെറിവിളിയില്‍ പേടിച്ച് തിരിച്ചോടില്ലെന്നും വിടി ബല്‍റാം വ്യക്തമാക്കി.

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. എകെജിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്നും ഇത് കോണ്‍ഗ്രസ് നിലപാടല്ലെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞിരുന്നു.

ഇത്തരം പരാമര്‍ശത്തിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ദീര്‍ഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ ഏ കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

Top