Balram Criticized Pinarayi in FB post

തിരുവനന്തപുരം: അതിരപ്പിളളി വിഷയത്തില്‍ പിണറായി വിജയനെ വിമര്‍ശിച്ച് വി ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്‌നേഹവും ആര്‍ദ്രതയും മനസ്സില്‍ സൂക്ഷിക്കുന്ന മാനവികതയില്‍ വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടികളില്‍ തകര്‍ന്നു വീഴുന്നതെന്ന് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു

ടിപി ശ്രീനിവാസന്‍ വിഷയത്തില്‍ തന്റെ ആദ്യ നിലപാടിനെതിരെ വലിയ പ്രതിഷേധമുണ്ടായപ്പോള്‍ അത് തിരുത്തുകയാണ് പിണറായി ചെയ്തത്. ഇപ്പോള്‍ സ്വയം ഒരു വികസന നായകന്റെ കുപ്പായമെടുത്തിടാന്‍ അദ്ദേഹം വിവാദമായ അതിരപ്പള്ളിയുമായി വന്നിരിക്കുകയാണ്.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയോടുളള പരസ്യമായ എതിര്‍പ്പും ബല്‍റാം പോസ്റ്റില്‍ വ്യക്തമാക്കുന്നു. സ്ഥാപിത താല്‍പര്യക്കാര്‍ക്കുവേണ്ടി ഇത്തരത്തിലുള്ള പദ്ധതികള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല വികസനവിരോധിയെന്ന പേര് മാറ്റിയെടുക്കാന്‍ പിണറായിവിജയന്‍ ശ്രമിക്കേണ്ടതെന്നും ബല്‍റാം പറയുന്നു.

ആതിരപ്പള്ളി വിഷയത്തില്‍ ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

സ്‌നേഹവും ആര്‍ദ്രതയും മനസ്സില്‍ സൂക്ഷിക്കുന്ന, മാനവികതയില്‍ വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രീ. പിണറായി വിജയന്റെ കഴിഞ്ഞ കുറേ നാളത്തെ അധ്വാനമാണ് ടി.പി. ശ്രീനിവാസനുനേരെയുള്ള അക്രമത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യപ്രതികരണത്തില്‍ തകര്‍ന്നുവീണത്. വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ന്നുവന്നപ്പോള്‍ ചെറുതായൊന്ന് തിരുത്തി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയത് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.

ഇപ്പോഴിതാ സ്വയം വികസന നായകനായി പ്രതിഷ്ഠിക്കാനുള്ള വ്യഗ്രതയില്‍ ശ്രീ. വിജയന്‍ വിവാദമായ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ശക്തമായി രംഗത്ത് വരുന്നു. കേരളത്തിന്റെ വൈദ്യുതരംഗത്തെ ആവശ്യങ്ങള്‍ക്ക് കാര്യമായ ഒരു പ്രയോജനവും നല്‍കാത്ത, വെറും 163 മെഗാവാട്ട് മാത്രം സ്ഥാപിത ശേഷിയുള്ള, അതിന്റെ തന്നെ മുപ്പത് ശതമനത്തില്‍ത്താഴെ മാത്രം ഉത്പാദനം സാധ്യമാവുന്ന, ചാലക്കുടിപ്പുഴയേയും അതിനെ കുടിവെള്ളത്തിനും കൃഷിക്കും മത്സ്യബന്ധനത്തിനും ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന, അപൂര്‍വ്വ ജൈവവൈവിധ്യ കലവറയായ കാടുകളുടെ നാശത്തിനിടയാക്കുന്ന, നിരവധി ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന, അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകളെ ഇല്ലാതാക്കുന്ന ഈ വിനാശകരമായ പദ്ധതിക്ക് വേണ്ടിയാണ് ശ്രീ. വിജയന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. 800 കോടിയിലേറെയാണ് ഇപ്പോഴത്തെ കണക്കില്‍ ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും പൂര്‍ത്തീകരിക്കുമ്പോള്‍ അതിന്റെ ഇരട്ടിയെങ്കിലുമാവും എന്നുറപ്പ്. അതുകൊണ്ടുതന്നെ ചെലവ് കുറഞ്ഞ വൈദ്യുതി എന്ന ജലവൈദ്യുതപദ്ധതികളുടെ പതിവ് പ്രയോജനവും ഇവിടെയുണ്ടാവില്ല. ചുരുക്കത്തില്‍ പാരിസ്ഥിതികമായി മാത്രമല്ല, സാങ്കേതികവും സാമ്പത്തികവും സാമൂഹ്യവുമായ കാരണങ്ങളാല്‍ക്കൂടി എതിര്‍ക്കപ്പെടുന്നതാണ് നിര്‍ദ്ദിഷ്ട അതിരപ്പള്ളി പദ്ധതി.

വലിയ വൈദ്യുത പദ്ധതികളോടുള്ള പിണറായി വിജയന്റെ പ്രത്യേക താത്പര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കോണ്‍ട്രാക്റ്റര്‍മാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെ അടങ്ങുന്ന ചില സ്ഥാപിതതാത്പര്യക്കാര്‍ക്ക് വേണ്ടിയുള്ള ഇത്തരം പദ്ധതികള്‍ ഇനിയും കേരളത്തിന്റെ ചുമലില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല വികസന വിരുദ്ധനെന്ന സ്വന്തം പ്രതിഛായ മാറ്റിയെടുക്കാന്‍ നോക്കേണ്ടത് എന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നു.

അതിരപ്പള്ളി പദ്ധതിക്കെതിരായ ജനകീയ സമരങ്ങളില്‍ പങ്കാളികളായി പ്രവര്‍ത്തിച്ചുവരുന്ന ഇടതുപക്ഷ അനുഭാവികളും എല്‍ഡിഎഫിലെ രണ്ടാമത്തെ പ്രധാനകക്ഷിയായ സിപിഐയും പിണറായി വിജയന്റെ ഈ താത്പര്യത്തേക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.

എന്ന്,

പദ്ധതി മുന്നോട്ടുകൊണ്ടുപോയില്ലെങ്കിലും ഇന്നത്തെ സര്‍ക്കാരിലെ ചിലര്‍ക്കും അതിരപ്പള്ളി പദ്ധതിയോടുള്ള അനുകൂല സമീപനത്തെ നിയമസഭക്കകത്തും പുറത്തും തുറന്നെതിര്‍ക്കുന്ന ഒരു ജനപ്രതിനിധി.

Top