ബലൂചിസ്ഥാനിലെ വന്‍ സ്‌ഫോടനം: ഇന്ത്യന്‍ ഏജന്‍സികളുടെ പങ്ക് തേടി പാക്കിസ്ഥാന്‍ ?

ക്വറ്റ: ബലൂചിസ്ഥാനില്‍ ക്വറ്റക്കടുത്തെ മസിജിദിനു സമീപമുണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയുടെ പങ്ക് പരിശോധിച്ച് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ. വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരത്തിനു ശേഷമാണ് ആക്രമണമുണ്ടായത്.

പാക്കിസ്ഥാനിലെ നവാസ് ഷെരീഫ് സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ജമാഅത്തെ എ ഉലമ ഇസ്ലാം നേതാവും പാക്കിസ്ഥാന്‍ സെനറ്റ് ഡെപ്യൂട്ടി ചെയര്‍മാനുമായ അബ്ദുല്‍ഗഫൂര്‍ ഹൈദരിയെ ലക്ഷ്യം വെച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

സ്ഫോടനത്തില്‍ ഹൈദരിയുടെ കാറിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവറും അടക്കം കൊല്ലപ്പെട്ടെങ്കിലും ഹൈദരി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസും താലിബാനും അടക്കമുള്ള സംഘടനകളും ഏറ്റെടുത്തെങ്കിലും ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണോ എന്നതാണ് ഐ.എസ്.ഐ പരിശോധിക്കുന്നത്.

അതേസമയം സ്ഫോടനത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ഇതുവരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ രംഗത്തുവന്നിട്ടില്ല.

2016 ആഗസ്റ്റില്‍ ബലൂചിസ്ഥാനിലെ ക്വറ്റയില്‍ 90 പേരെ കൊല്ലപ്പെടാനിടയായ സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. ബലൂച് മുഖ്യമന്ത്രി സനാവുള്ള സഹ്രി തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണം ഇന്ത്യ തള്ളിക്കളയുകയായിരുന്നു.

കശ്മീരിലെ ഭീകരവാദികളെ പിന്തുണക്കുന്ന പാക്കിസ്ഥാന് ബലൂചിസ്ഥാനില്‍ തന്ത്രപരമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. ബലൂചിസ്ഥാനില്‍ വിമോചനത്തിനായി സമരം ചെയ്യുന്നവര്‍ ഇന്ത്യയുടെ സഹായം തേടിയിരുന്നു. കശ്മീര്‍ പ്രശ്നം ഉന്നയിക്കുന്ന പാക്കിസ്ഥാന വെട്ടിലാക്കി ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശലംഘനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉന്നയിച്ചത് അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ വെട്ടിലാക്കിയിരുന്നു. ബലൂചിസ്ഥാനില്‍ നിന്നും വന്‍ പിന്തുണയാണ് നരേന്ദ്രമോഡിക്കു ലഭ്യമായത്.

Top