സമർത്ഥമായ കരുനീക്കവുമായി മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാർ !

ലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറിച്ച് വലിയ സംശയമാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കുമുള്ളത്. ഈ സംശയത്തിന് വിത്ത് പാകിയതാകട്ടെ പ്രതിപക്ഷ പാര്‍ട്ടികളുമാണ്. നിലവിലെ ഈ ഇവിഎം സിസ്റ്റത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടു തന്നെ നാളുകള്‍ ഏറെയായി. ബി.ജെ.പി തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതാണ് പ്രതിപക്ഷത്തിന് സംശയം വര്‍ദ്ധിക്കാന്‍ കാരണമായിരുന്നത്. ഇതിന് ഒരു പരിഹാരം ഉണ്ടാക്കാനുറച്ചിരിക്കുകയാണിപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രത്യേക നിയമം പാസ്സാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ദേശീയ ചാനലായ ന്യൂസ് 18 ആണ് ഈ സുപ്രധാന നീക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് നിയമസഭാ സ്പീക്കര്‍ നാന പട്ടോലയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബില്ലിന്റെ കരട് തയ്യാറാക്കിവരികയാണ്. കരട് തയ്യാറായിക്കഴിഞ്ഞാല്‍ വരുന്ന ബജറ്റ് സമ്മേളനത്തില്‍ വോട്ടെടുപ്പും നടക്കും. നിയമം പാസ്സായാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായിരിക്കും ഇനി മുതല്‍ നടക്കുക. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇത് ബാധകമായിരിക്കില്ലങ്കിലും ബാലറ്റ് പേപ്പര്‍ സംസ്‌കാരത്തിലേക്ക് പോകണമെന്ന സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാറിനെയും വെട്ടിലാക്കും. ഈ ഘട്ടത്തില്‍ ഇലക്ടോണിക് വോട്ടിങ്ങിന് വേണ്ടി വാശി പിടിച്ചാല്‍ അത് ബി.ജെ.പിക്കെതിരെ കൂടുതല്‍ സംശയം ഉയരാനാണ് വഴിവയ്ക്കുക. ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന നിര്‍ണ്ണായക നീക്കമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തം.

ഇത്തരമൊരു നിയമം പാസ്സാക്കുന്നതിന് സര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നാണ് സ്പീക്കര്‍ നാനാ പട്ടോല ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനാ അനുച്ഛേദം 328 പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു നിയമം പാസ്സാക്കാന്‍ കഴിയും. വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയതായും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിനോട് യോജിപ്പ് മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് നിരവധി വര്‍ഷങ്ങളായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം ഉന്നയിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കത്തിനു പിന്നിലുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിലെ മഹാവികാസ് അഘാടി സഖ്യത്തിലുള്ള ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതില്‍ ഒരേ അഭിപ്രായമാണുള്ളത്. നിയമം പാസ്സായാല്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായും മഹാരാഷ്ട്ര മാറും. കേരളം, തമിഴ്‌നാട്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ ഇലക്ട്രോണിക് വോട്ടിങ്ങ് തന്നെയാണ് നടക്കുക. എന്നാല്‍ അടുത്ത തവണ ഈ സംസ്ഥാനങ്ങളുള്‍പ്പെടെ മാറി ചിന്തിക്കാനുള്ള സാധ്യതയും ഏറെയാണ്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകണമെന്ന നിയമം പാസാക്കിയാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ഏകപക്ഷീയമായ നിലപാടുമായി മുന്നോട്ട് പോകുന്നത് പ്രയാസകരമാകും. നിലവില്‍ ഇവിഎമ്മില്‍ ഉപയോഗിക്കുന്ന കോഡ് വളരെ ലളിതമാണ്. വിദേശ രാജ്യങ്ങളിലെ യന്ത്രങ്ങളില്‍ 10 ലക്ഷത്തിലേറെ വരികള്‍ വരെ ഉള്ളപ്പോള്‍ ഇവിടെ ഏതാനും ആയിരം വരികളേ ഉള്ളൂ എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

കോഡിന്റെ ഈ സങ്കീര്‍ണ്ണത മൂലം തെറ്റ് പറ്റിയാല്‍ കണ്ടുപിടിക്കാന്‍ പോലും പറ്റിലെന്നായപ്പോള്‍ പല രാജ്യങ്ങളും അവരുടെ ഡി.ആര്‍.ഇ യന്ത്രങ്ങള്‍ ഉപേക്ഷിച്ച് പഴയ ബാലറ്റ്‌പേപ്പര്‍ രീതിയിലേക്കു തന്നെ മടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ കോഡിംഗ് ഗുണകരമാണെങ്കിലും ചിപ്പുണ്ടാക്കുന്ന കമ്പനിയിലെയോ മറ്റൊ, ഒരാള്‍ക്ക് വേണെമെങ്കില്‍ വളരെ എളുപ്പത്തില്‍ തന്നെ manipulate ചെയ്യാന്‍ പറ്റും എന്നതും വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു സംസ്ഥാനത്തെയോ രാജ്യത്തേയോ മുഴുവന്‍ തെരെഞ്ഞുടുപ്പ് ഫലത്തെയും ബാധിക്കത്തക്ക വിധത്തില്‍ ക്രമക്കേട് നടത്തുക എന്നത് വോട്ടിംഗ് യന്ത്രങ്ങളില്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും ഒറ്റക്കൊറ്റയ്ക്കുള്ളതാണ് എന്നത് തന്നെയാണ് ഇതിനു കാരണം.

ഈ യന്ത്രങ്ങളില്‍ നെറ്റ്വര്‍ക്ക് ചെയ്യാത്തതിനു കാരണവും ഇതു തന്നെയാണ്. ലക്ഷക്കണക്കിന് യന്ത്രങ്ങളില്‍ തിരിമറി നടക്കണമെങ്കില്‍ ഒന്നുകില്‍, ഒറിജിനല്‍ പ്രോഗ്രാമില്‍ തന്നെ മാറ്റം വരുത്തണം. അങ്ങനെ ചെയ്താലാകട്ടെ, കണ്ടെത്താന്‍ എളുപ്പവുമല്ല. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പഴയ ബി.ജെ.പി സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാന ഭരണകൂടം ഇപ്പോള്‍ മാറി ചിന്തിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍, വോട്ടെടുപ്പ് പ്രക്രിയ ഒരുകാലത്തും സമാധനപരമായി നടന്നിട്ടില്ല. ബൂത്ത് പിടുത്തം, ബാലറ്റ് പെട്ടി മോഷണം, നശിപ്പിക്കല്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി നൂറായിരം പ്രശ്‌നങ്ങളായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന് നേരിടേണ്ടി വന്നിരുന്നത്. ഈവക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ 2004ലോടെ ബാലറ്റ് പേപ്പര്‍ ഒഴിവാക്കി വോട്ടെടുപ്പ് പൂര്‍ണ്ണമായും ഇലക്ട്രോണിക് രീതിയിലാക്കിയിരുന്നത്. 1980-കളില്‍ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ചേര്‍ന്നാണ് ആദ്യമായി ഇന്ത്യയുടെ സ്വന്തം ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വികസിപ്പിച്ചെടുത്തിരുന്നത്. 1982ല്‍ നോര്‍ത്ത് പറവൂരിലാണ് ഇത് ആദ്യമായി പരീക്ഷിച്ചിരുന്നത്.

വോട്ടിംഗ് മെഷീനുകള്‍ വന്ന കാലത്തെക്കാളും ശാസ്ത്രം കൂടുതല്‍ പുരോഗമിച്ചു കഴിഞ്ഞെങ്കിലും തട്ടിപ്പ് രീതികളിലെ പുരോഗതി കൂടി കണക്കിലെടുത്ത് പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നതാണ്‌  ജനാധിപത്യത്തിന് നല്ലതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. ഏതു ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കു വോട്ടു വീഴുന്നു സംഭവത്തെ ഒറ്റപ്പെട്ട സംഭവം മാത്രമായി വിലയിരുത്താന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറല്ല. ടെകനോളജിയില്‍ സമ്പന്നമായ രാജ്യങ്ങള്‍ ഉള്‍പ്പെടെ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോയതും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍  മഹാരാഷ്ട്ര നിയമസഭ പുതിയ നിയമം പാസാക്കിയാല്‍ അത് കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയായി മാറാനാണ് സാധ്യത.

Top