ബാലണ്‍ ഡി’ഓര്‍ അന്തിമ പട്ടിക പ്രഖ്യാപിച്ചു; ക്രിസ്റ്റ്യാനോ ഇല്ല

പാരിസ്: ബാലണ്‍ ഡി’ഓര്‍ ട്രോഫിക്കുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ച് സംഘാടകരായ ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍. 2022-ല്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സി, കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കൊപ്പം പ്രധാന മൂന്ന് കിരീടങ്ങള്‍ നേടിയ എര്‍ലിങ് ഹാളണ്ട്, കഴിഞ്ഞ വര്‍ഷത്തെ വിജയി കരീം ബെന്‍സിമ എന്നിവര്‍ പട്ടികയിലുണ്ട്. പുരസ്‌കാരം ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കും.

ഏഴ് തവണ ബാലണ്‍ ഡി’ഓര്‍ ജേതാവായ മെസ്സിക്ക് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഖത്തറില്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പ്രകടനം തന്നെയാണ് താരത്തിന് കരുത്താകുന്നത്. മറുവശത്ത് അടുത്തിടെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ഹാളണ്ടും സാധ്യതയില്‍ മുന്നിലുണ്ട്. 20 വര്‍ഷത്തിനിടെ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.

വനിതാ താരങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ രണ്ട് തവണ പുരസ്‌കാരം നേടിയ ബാഴ്സലോണയുടെ അലക്സിയ പ്യുട്ടെയാസ് ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല. ചെല്‍സിയുടെ സാം കെര്‍, മില്ലി ബ്രൈറ്റ്, കഴിഞ്ഞ മാസം സ്പെയ്നിനൊപ്പം വനിതാ ലോകകപ്പ് നേടിയ ബാഴ്സലോണയുടെ ഐറ്റാന ബോണ്‍മറ്റിയും വനിതകളുടെ 30 അംഗ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാര (യഷിന്‍ അവാര്‍ഡ്) പട്ടികയില്‍ ലോകകപ്പ് ജേതാവ് എമിലിയാനോ മാര്‍ട്ടിനെസ്, സിറ്റി താരം എഡേഴ്സണ്‍, ലാ ലിഗ ഗോള്‍ഡന്‍ ഗ്ലൗ ജേതാവ് മാര്‍ക്ക് ആന്ദ്രേ ടെര്‍സ്റ്റേഗന്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Top